മലപ്പുറം: വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ വീടിന് സമീപം പാണക്കാടുണ്ടായ മണ്ണിടിച്ചിലില്‍ അന്വേഷിച്ച് റിപ്പോർട്ട് നല്കാൻ നിർദേശം.
ഇതുസംബന്ധിച്ച് മന്ത്രി പി കെ ബഷീർ ആണ് കളക്ടർക്ക് നിർദേശം നല്‍കിയത്. പ്രദേശം ഉടമയ്ക്ക് നഗരസഭ കാരണം കാണിക്കല്‍ നോട്ടീസ് നല്കി.
ഇന്നലെ രാവിലെ എട്ടോടെയാണ് കടലുണ്ടി പുഴയ്ക്ക് സമീപത്തെ കുന്നിന്റെ 10 അടി ഉയരത്തില്‍ നിന്ന് ആദ്യം മണ്ണിടിഞ്ഞ് തുടങ്ങിയത്. പൊലീസും ഫയർഫോഴ്സുമെത്തി ഗതാഗതം നിരോധിക്കുകയും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് 9.30ഓടെ വൻ മണ്‍കൂനയും മരങ്ങളും റോഡിലേക്ക് പതിക്കുകയായിരുന്നു.
പാണക്കാട് എടായിപ്പാലത്ത് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കാൻ അശാസ്ത്രീയമായി കുന്നിടിച്ചതാണ് മണ്ണിടിച്ചിലിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങള്‍ നിറുത്തിവയ്ക്കാൻ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിർദ്ദേശം നല്‍കിയിരുന്നു.
മണ്ണിടിച്ചിലില്‍ ചാനല്‍ വീഡിയോഗ്രാഫർക്കും ഡ്രൈവർക്കും പരിക്കേറ്റു. കൈരളി ചാനല്‍ വീഡിയോഗ്രാഫർ ജയേഷ് വില്ലോടിക്കും ഡ്രൈവർക്കുമാണ് പരിക്കേറ്റത്. തലനാരിഴയ്ക്കായിരുന്നു ഇരുവരും രക്ഷപ്പെട്ടത്. ഇവരുടെ ക്യാമറ ട്രൈപോഡ് അടക്കമുള്ളവ കടലുണ്ടി പുഴയിലേക്ക് ഒലിച്ചുപോയി. ഭയന്നോടുന്നതിനിടെ മറ്റുചിലർക്കും പരിക്കേറ്റു. പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചതിനാല്‍ വൻ അപകടം ഒഴിവായി






