ഡല്‍ഹി: മഞ്ഞുമൂടിയ കൊടുമുടികളും മലനിരകളും ചുരങ്ങളും ഹിമാനികളും താഴ്വരകളും തടാകങ്ങളും ഉള്‍പ്പെടെ ലഡാക്കിലെ 28 സ്ഥലങ്ങള്‍ക്കും വിവിധ ഭൂപ്രദേശങ്ങള്‍ക്കും ഇന്ത്യ ഔദ്യോഗിക പേരുകള്‍ നല്കി.
സർവേ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ഭൂപടങ്ങളില്‍ പുതിയ പേരുകള്‍ ഉള്‍പ്പെടുത്തിയതോടെ ലഡാക്കിന്റെ ഭൂപ്രകൃതിയിലെ ഈ ഇടങ്ങള്‍ കൂടുതല്‍ ശ്രദ്ധ നേടുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ലഡാക്ക് കേന്ദ്രഭരണ പ്രദേശത്തെ ഭരണകൂടവുമായി ആലോചിച്ചാണ് സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞത്.സാഹസിക യാത്രകളും പ്രകൃതിദൃശ്യങ്ങളും ഇഷ്ടപ്പെടുന്നവരുടെ ശ്രദ്ധ ആകർഷിക്കുന്ന തരത്തിലുള്ള വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളാണ് പട്ടികയിലുള്ളത്. അതിഷ ഗിരി, കനിഷ്ക പീക്ക്, മാർത്താണ്ഡ ഗിരി, സോറാവർ പീക്ക്, റിൻചെൻ സാങ്പോ, സാക്യശ്രീ ഗിരി, മാർപ ലോത്സാവ റി, മിലാരെപ കാങ്രി, ശിവ റി, മഹേശ്വര റി എന്നിവയാണ് പേരിട്ട പ്രധാന കൊടുമുടികള്‍.കരുണ്‍ പീർ, ഡ്രാക് കാർപ്പോ, ജോല്മോരി എന്നിവ മലനിരകളുടെ പട്ടികയിലും ചാപ്ചിംഗല് പാസ്, ഷാച്മിർക്ക് പാസ് എന്നിവ ചുരങ്ങളുടെ പട്ടികയിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാർപിക്, സ്കാംറി എന്നിവയാണ് പേരിട്ട ഹിമാനികള്‍.
ഷ്കോർഗ വാലി, യാങ്പ നദി, ഗുരു റിൻപോച്ചെ തടാകം, ഹോട്ട് സ്പ്രിംഗ് എന്നിവയും പട്ടികയില്‍ ഇടം നേടി.2020ലെ ഗാല്‍വൻ സംഘർഷത്തിന് പിന്നാലെ ഇന്ത്യ-ചൈന സൈനികർ തമ്മില്‍ സംഘർഷാവസ്ഥ നിലനിന്നിരുന്ന ഗോഗ്ര, ഹോട്ട് സ്പ്രിംഗ് പ്രദേശങ്ങളും പുതിയ പേരുകളുള്ള പട്ടികയിലുണ്ട്. കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനിക സാന്നിധ്യം ഇപ്പോഴും തുടരുകയാണ്. വിവിധ ഘട്ടങ്ങളിലായി നടന്ന സൈനിക, നയതന്ത്ര ചർച്ചകള്‍ക്ക് ശേഷം ചില മേഖലകളില്‍ സൈനിക പിൻമാറ്റം നടന്നിട്ടുണ്ട്.സർവേ ഓഫ് ഇന്ത്യയുടെ ഭൂപടത്തില്‍ ഈ സ്ഥലങ്ങളെ ഔദ്യോഗികമായി തിരിച്ചറിയുന്നതിനും പൊതുജനങ്ങള്‍ക്ക് കൂടുതല്‍ പരിചിതമാക്കുന്നതിനുമാണ് പേരുകള്‍ നല്‍കിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഔദ്യോഗിക പ്രസ്താവനയില്‍ ചൈനയെയോ അതിർത്തി തർക്കത്തെയോ നേരിട്ട് പരാമർശിച്ചിട്ടില്ല.അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങള്‍ക്ക് ചൈന ചൈനീസ് പേരുകള്‍ നല്‍കുകയും പ്രദേശത്തിന്മേല് അവകാശവാദം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇന്ത്യ ഈ പേരുമാറ്റവും ചൈനയുടെ അവകാശവാദങ്ങളും തള്ളുകയും അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.






