കോട്ടയം: അടവെച്ച് വിരിയിക്കാനുള്ള താറാവിൻ മുട്ടകളുടെ കടുത്ത ക്ഷാമം ജില്ലയിലെ താറാവ് കർഷകരെ ഗുരുതര പ്രതിസന്ധിയിലാക്കി. ചങ്ങനാശേരി, കല്ലറ, വൈക്കം, വെച്ചൂർ തുടങ്ങിയ മേഖലകളിലെ ഹാച്ചറികളിൽ ആവശ്യത്തിന് അടമുട്ട ലഭിക്കാത്തതിനാൽ കുഞ്ഞുതാറാവുകളുടെ ഉൽപാദനം വലിയ തോതിൽ ബാധിച്ചിരിക്കുകയാണ്.
കഴിഞ്ഞ വർഷം 10 രൂപയായിരുന്നു ഒരു അടമുട്ടയുടെ വില. എന്നാൽ ഇത്തവണ അത് 18 മുതൽ 20 രൂപവരെ ഉയർന്നിട്ടുണ്ട്. വില വർധിച്ചതിനൊപ്പം മുട്ടയുടെ ലഭ്യതയും ഗണ്യമായി കുറഞ്ഞതോടെ പുതിയ സീസണിനായി കുഞ്ഞുതാറാവുകളെ ഇറക്കാൻ കർഷകർക്ക് കഴിയാത്ത സ്ഥിതിയാണ്.
തമിഴ്നാട്ടിൽ നിന്ന് ലഭിച്ചിരുന്ന അടമുട്ടകളുടെ ലഭ്യത കുറഞ്ഞതാണ് പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് കർഷകർ പറയുന്നു. വിഷയത്തിൽ അടിയന്തര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ജില്ലയിലെ താറാവ് കർഷകർ കൃഷിമന്ത്രിക്ക് നിവേദനം സമർപ്പിക്കാൻ ഒരുങ്ങുകയാണ്.






