കങ്ങഴ : ഫണ്ട് അനുവദിച്ചിട്ടും നിർമ്മാണം ആരംഭിക്കാതെ ആരോഗ്യവകുപ്പിന്റെ മുണ്ടത്താനത്തെ പുതിയ സബ്സെന്റർ.
55 ലക്ഷം രൂപയാണ് നിർമ്മാണത്തിനായി അനുവദിച്ചത്. ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യകേന്ദ്രത്തിന് കീഴിലുള്ള സബ് സെന്ററിന് പുതിയ കെട്ടിടം നിർമിക്കാൻ കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് നടപടി സ്വീകരിച്ചത്.
നിലവിലെ സബ് സെന്റർ കെട്ടിടം ശോച്യാവസ്ഥയിലായതോടെയാണ് പുതിയ കെട്ടിടം നിർമിക്കാൻ പഞ്ചായത്ത് തീരുമാനിച്ചത്. എൻ.എച്ച്.എം. ആവശ്യമായ തുകയും അനുവദിച്ചു. സബ് സെന്ററിന് സമീപത്തായി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പുതിയ കെട്ടിടം പണിയാൻ ഉദ്ദേശിക്കുന്നത്. കെട്ടിടത്തിന്റെ നിർമാണച്ചുമതല നിർമിതി കേന്ദ്രത്തിന് നൽകുകയും ചെയ്തിരുന്നു.
എന്നാൽ പുതിയ ഭരണസമിതി അധികാരത്തിലെത്തിയിട്ടും സബ് സെന്റർ കെട്ടിടം പണിയാതെ മനപ്പൂർവം നീട്ടുകയാണെന്നാണ് ആരോപണം. സമീപത്തുള്ള ചില വ്യക്തികളുടെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് പുതിയ കെട്ടിടം നിർമിക്കാതെ നീട്ടിക്കൊണ്ടുപോകുന്നതെന്ന് സി.പി.എം. ലോക്കൽ സെക്രട്ടറി എൻ.എം. ജയലാൽ ആരോപിച്ചു.
എന്നാൽ, കെട്ടിടം പണിയുന്ന സ്ഥലത്ത് കൂടെയാണ് ജലവകുപ്പിന്റെ പ്രധാന പൈപ്പുലൈനുകൾ കടന്നു പോകുന്നതെന്നും ഇത് മാറ്റിസ്ഥാപിക്കുന്നതിന് ഏകദേശം 12 ലക്ഷം രൂപയോളം വേണമെന്നും പഞ്ചായത്ത് പ്രസിഡന്റ് അജി തകടിയേൽ പറഞ്ഞു. ഇത് സംബന്ധിച്ച് ജലവകുപ്പുമായും നിർമിതി കേന്ദ്രവുമായും അടുത്തയാഴ്ച ചർച്ച നടത്തുമെന്നും നിലവിലെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.






