തിരുവനന്തപുരം: കേരള സർക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായിരുന്ന പ്രൊഫ. കെ.വി. തോമസിന്റെ സേവനവുമായി ബന്ധപ്പെട്ട് ഓണറേറിയം, സ്റ്റാഫ് ശമ്പളം, യാത്രാ-ഇന്ധന ആനുകൂല്യങ്ങള്‍ എന്നിവയ്ക്കായി സർക്കാർ ഒരു കോടിയിലധികം രൂപ ചെലവഴിച്ചതായി വിവരാവകാശ രേഖ.
2026 മേയ് 4-നാണ് കെ.വി. തോമസ് പ്രത്യേക പ്രതിനിധി സ്ഥാനത്തുനിന്ന് ഔദ്യോഗികമായി വിരമിച്ചത്. 2026 ഏപ്രില്‍ വരെ പ്രതിമാസം ഒരു ലക്ഷം രൂപ നിരക്കില്‍ ഓണറേറിയമായി 39,38,710 രൂപ നല്‍കിയതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
പേഴ്സണല്‍ സ്റ്റാഫിന്റെ ശമ്പളവും കോണ്‍സോളിഡേറ്റഡ് പേയും ഉള്‍പ്പെടെ 61,83,500 രൂപ സർക്കാർ ചെലവഴിച്ചു. ഔദ്യോഗിക വിമാനയാത്രകളുടെ ടിക്കറ്റ് ചെലവായി 13,04,854 രൂപ ODEPC മുഖേന നല്‍കിയതായും രേഖയില്‍ പറയുന്നു.
ഇതിന് പുറമെ, 2023-ലെ ഔദ്യോഗിക വിമാനയാത്രകളുമായി ബന്ധപ്പെട്ട ഇൻസിഡന്റല്‍ ചെലവുകള്‍ക്കായി 39,000 രൂപയും ഔദ്യോഗിക വാഹനത്തിന്റെ ഇന്ധനച്ചെലവായി 2,20,429 രൂപയും അനുവദിച്ചതായും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
പ്രത്യേക പ്രതിനിധിയായിരുന്ന കാലയളവില്‍ പ്രതിമാസ ഓണറേറിയത്തിനൊപ്പം മൂന്ന് പെൻഷനുകളും കെ.വി. തോമസ് കൈപ്പറ്റിയിരുന്നതായും പുറത്തുവന്ന വിവരങ്ങളില്‍ പറയുന്നു.






