തിരുവനന്തപുരം: പിണറായി
സർക്കാരിന്റെ കാലത്ത് ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് പദവിയോടെ പ്രവർത്തിച്ച സിപിഎം
സഹയാത്രികൻ പ്രൊഫ.കെ.വി. തോമസിനായി സംസ്ഥാന ഖജനാവില്‍ നിന്ന് ചിലവഴിച്ചത് 1.18 കോടിയിലധികം രൂപ.
കാര്യമായ ചുമതലകളോ സംസ്ഥാനത്തിന് എടുത്തുപറയാവുന്ന നേട്ടങ്ങളോ ഉണ്ടാക്കിയില്ലെന്ന കടുത്ത രാഷ്ട്രീയ വിമർശനങ്ങള്‍ക്കിടയിലാണ് ഈ തുകയുടെ ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.
കൃത്യമായി പറഞ്ഞാല്‍ 1,18,71,758 രൂപയാണ് അദ്ദേഹത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഖജനാവില്‍ നിന്ന് ചെലവായത്.
രണ്ടാം പിണറായി സർക്കാരിന്റെ ഭരണകാലത്ത് 2023 ജനുവരി 20-നാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ കെ.വി. തോമസിനെ ക്യാബിനറ്റ് റാങ്കോടെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്.
2026 മെയ് 4 വരെ, അതായത് 39 മാസക്കാലത്തോളം അദ്ദേഹം ഈ പദവിയില്‍ തുടർന്നു.
പ്രതിമാസ ശമ്പളം വേണ്ടെന്നും പകരം അലവൻസ് മതിയെന്നുമായിരുന്നു നിയമന വേളയില്‍ കെ.വി. തോമസിന്റെ നിലപാട്.
തുടർന്ന് പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം/അലവൻസ് വ്യവസ്ഥയിലാണ് അദ്ദേഹത്തെ സർക്കാർ നിയമിച്ചത്.
ഈ ഇനത്തില്‍ മാത്രം അദ്ദേഹത്തിന് ലഭിച്ചത് 39,51,613 രൂപയാണ്.
ഇതിനുപുറമെ മറ്റ് ചെലവുകള്‍ ഇപ്രകാരമാണ്:
സ്റ്റാഫ് ശമ്പളം: ഡല്‍ഹിയിലും കേരളത്തിലുമായി അദ്ദേഹത്തിന് അനുവദിച്ച അഞ്ച്
പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി 61,96,403 രൂപ നല്കി.
യാത്രാച്ചെലവുകള്‍: 39 മാസത്തിനിടയിലെ ഔദ്യോഗിക വിമാനയാത്രകള്‍ക്കും ട്രെയിൻ യാത്രകള്‍ക്കുമായി 13,04,854 രൂപ ചെലവഴിച്ചു.
ഇന്ധനച്ചെലവ്: അനുവദിക്കപ്പെട്ട ഔദ്യോഗിക വാഹനത്തിന്റെ ഇന്ധനച്ചെലവുകള്ക്കായി 2,20,429 രൂപ നല്കി.
അതിഥി സല്‍ക്കാരം: പ്രതിനിധിയുടെ ഓഫീസിലെ അതിഥി സല്‍ക്കാരത്തിനായി 1,59,459 രൂപയും ഖജനാവില്‍ നിന്ന് ചെലവായി.
കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവായിരുന്ന കുറുപ്പശ്ശേരി വർക്കി തോമസ് (കെ.വി. തോമസ്)
2022-ല്‍ നടന്ന തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പ് കാലത്താണ് കോണ്‍ഗ്രസ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് എല്‍ഡിഎഫ് പാളയത്തിലെത്തുന്നത്.
ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ കാബിനറ്റ് പദവിയോടെ ഡല്‍ഹിയില്‍ നിയമിച്ചത്.
സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുമ്പോഴും ഈ നിയമനത്തിലൂടെ കോടികള്‍ ചെലവിട്ടത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വീണ്ടും വഴിതുറക്കുകയാണ്.






