കൊച്ചി: സംസ്ഥാനത്ത് രൂക്ഷമായ വിറകുകരി ക്ഷാമവും വിലക്കയറ്റവും കുഴിമന്തി, അല്‍ഫാം, തന്തൂരി തുടങ്ങിയ വിറകുകരിയില്‍ പാകം ചെയ്യുന്ന വിഭവങ്ങള്‍ക്ക് തിരിച്ചടിയാകുന്നു.
ആവശ്യത്തിന് വിറകുകരി ലഭിക്കാത്ത സാഹചര്യത്തില്‍ പല ഹോട്ടലുകളും വിഭവങ്ങളുടെ അളവ് കുറയ്ക്കുകയോ ഉല്‍പ്പാദനം നിയന്ത്രിക്കുകയോ ചെയ്യുന്ന അവസ്ഥയാണ്.
പാചകവാതകത്തിന്റെ വില കുത്തനെ ഉയർന്നതോടെ നിരവധി സ്ഥാപനങ്ങള്‍ വിറകിലേക്കും വിറകുകരിയിലേക്കും മാറിയതാണ് ആവശ്യകത വർധിക്കാൻ പ്രധാന കാരണം. ഇതോടെ കരിയുടെ ലഭ്യത കുറഞ്ഞതും വില ഗണ്യമായി ഉയർന്നതും ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ സാഹചര്യം തുടർന്നാല്‍ വരും ദിവസങ്ങളില്‍ ജനപ്രിയ വിഭവങ്ങളുടെ വിലയും വർധിക്കാനിടയുണ്ടെന്നാണ് വ്യാപാരികളും ഹോട്ടല്‍ ഉടമകളും ആശങ്കപ്പെടുന്നത്.
തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് വിറകുകരി എത്തുന്നത്. കരി നിർമ്മിക്കാൻ വിറകിന്റെ ലഭ്യത കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായി. ഉത്പാദനം കുറഞ്ഞതോടെ കരിയുടെ വില വർദ്ധിക്കുകയും ഗുണനിലവാരം കുറയുകയും ചെയ്തു.കുഴിമന്തി, അല്‍ഫാം, തന്തൂരി, കബാബ്, ബാർബിക്ക്യൂ ചിക്കൻ, ഗ്രില്‍ഡ് ചിക്കൻ, സ്മോക്ക് ചിക്കൻ, സ്ലോ കുക്ക്ഡ് സ്മോക്ക് ചിക്കൻ എന്നിവ കരിയുടെ ചൂടിലും പുകയിലുമാണ് തയ്യാറാക്കുന്നത്. ബിരിയാണിക്ക് രുചി പകരാൻ കരി ഉപയോഗിക്കുന്ന ഹോട്ടലുകളുണ്ട്. ഗ്യാസ് ഉപയോഗിച്ച് ചിക്കൻ വിഭവങ്ങള്‍ തയ്യാറാക്കാമെങ്കിലും തനത് മണവും രുചിയും ലഭിക്കില്ല.
തമിഴ്നാടൻ കരി
കേരളത്തിനാവശ്യമായ വിറകുകരിയില്‍ 70 ശതമാനത്തിലധികം തമിഴ്നാട്ടില്‍ നിന്നാണ്. കരിയുണ്ടാക്കുന്ന കരിവേലം മരത്തിന് ടണ്ണിന് 4,000 രൂപയായിരുന്ന വില 8,000 ലെത്തി. ഇപ്പോള്‍ ലഭിക്കുന്ന കരിയില്‍ പൊടിയും ചെറുകഷണങ്ങളും പാതി കരിഞ്ഞതും ഈർപ്പമുള്ളതുമായ ഭാഗങ്ങള്‍ കൂടുതലാണെന്ന് വ്യാപാരികള്‍ പറയുന്നു.
മഴയും യുദ്ധവും പണിതന്നു
മഴയുടെ ദൈർഘ്യത്തിലും വ്യാപ്തിയിലുമുണ്ടായ മാറ്റങ്ങള്‍ കരി ഉത്പാദന വ്യവസായത്തെയും ബാധിച്ചു. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്നുണ്ടായ പാചകവാതക ക്ഷാമവും വിലവർദ്ധനയും ഇരുട്ടടിയായി. ഈ സാഹചര്യം തുടർന്നാല്‍ അടുത്ത ആഴ്ചകളില്‍ കരിയുടെ ലഭ്യത രൂക്ഷമാകാനും വില ഉയരാനും സാദ്ധ്യതയുണ്ടെന്ന് കരി വിതരണക്കാർ പറയുന്നു.
കരി ലഭിക്കാൻ മുൻകൂർ പണം നല്കുന്ന രീതി ചില ഹോട്ടലുടമകള്‍ ആരംഭിച്ചിട്ടുണ്ട്. കരിയുടെ വരവ് കുറഞ്ഞാല്‍ കുഴിമന്തി, അർഫാം, തന്തൂരി ഹോട്ടലുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നാണ് ആശങ്ക.
കുഴിമന്തി, അല്‍ഫാം, തന്തൂരി, കബാബ്, ബാർബിക്യൂ, ഗ്രില്‍ഡ് ചിക്കൻ തുടങ്ങിയ വിഭവങ്ങള്‍ക്ക് തനത് രുചിയും മണവും ലഭിക്കാൻ കരിയുടെ പുകയും ചൂടും അത്യാവശ്യമാണ്. ഗ്യാസ് ഉപയോഗിച്ച് ഷവായ് പോലുള്ള വിഭവങ്ങള്‍ തയ്യാറാക്കാമെങ്കിലും, ഇവയ്ക്ക് കരി ഇല്ലാതെ തനത് രുചി ലഭിക്കില്ല.






