ഡൽഹി: ജന്തർ മന്തറിലെ വിദ്യാർത്ഥിപ്രതിഷേധത്തിനിടെ ഉത്തരാഖണ്ഡ് പൊലീസ് കോണ്‍സ്റ്റബിള്‍ ഷേർ സിംഗ് യൂണിഫോമണിഞ്ഞ് വേദിയിലെത്തി സർവീസില്‍ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചു.
സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പിന്നാലെ ഇയാള്‍ നിലവില്‍ സസ്പെൻഷനിലായിരുന്നെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചെന്നും റിപ്പോർട്ടുകള്‍. അദ്ദേഹത്തെ സർവീസില്‍ നിന്ന് പിരിച്ചുവിടുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയായിരുന്നുവെന്നും ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു.
'വിപ്ലവം, ആശയങ്ങളിലൂടെയാണ് വരുന്നത്'
പ്രതിഷേധ വേദിയില്‍ സംസാരിച്ച ഷേർ സിംഗ്, ഉത്തരാഖണ്ഡിലെ റിക്രൂട്ട്മെന്റ് പരീക്ഷകളില്‍ വ്യാപക ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും നടന്നതായി ആരോപിച്ചു. പട്വാരി പരീക്ഷയുടെ ചോദ്യപേപ്പർ വരെ സാധാരണ കടകളില്‍ ലഭ്യമായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. "ഇത് ഭഗത് സിംഗിന്റെ നാടാണ്. വിപ്ലവം തോക്കിലൂടെയോ ബോംബിലൂടെയോ അല്ല, ആശയങ്ങളിലൂടെയാണ് വരുന്നത്" എന്ന് പ്രസംഗിച്ച ഷേർ സിംഗ് തന്റെ യൂണിഫോമിലെ ബാഡ്ജ് ഊരി സിജെപി നേതാവായ അഭിജീത് ദിപ്കെയ്ക്ക് കൈമാറി. യുവജന പ്രക്ഷോഭത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനാലാണ് താൻ രാജിവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു പിന്നാലെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു.
നിലവില്‍ സസ്പെൻഷനിലെന്ന് പോലീസ്
വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ഉത്തരാഖണ്ഡ് പൊലീസ് ഷേർ സിംഗിന്റെ അവകാശവാദങ്ങളെ തള്ളി രംഗത്തെത്തി. കുമാവോണ്‍ റേഞ്ച് ഐജി നിവേദിത കുക്രേതി, പിഥോറഗഢില്‍ നിയമിതനായിരുന്ന ഷേർ സിംഗ് ജൂണ്‍ 28 മുതല്‍ അനുമതിയില്ലാതെ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടും മറുപടി ലഭിക്കാത്തതിനാല്‍ ജൂലൈ 20-ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നെന്നും വ്യക്തമാക്കി. അതുകൊണ്ട് ഷേർ സിംഗ് ജന്തർ മന്തറില്‍ പ്രഖ്യാപിച്ച 'രാജി'ക്ക് ഔദ്യോഗിക പ്രാധാന്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അറസ്റ്റ്, സസ്പെൻഷൻ, വകുപ്പുതല നടപടി
മാത്രമല്ല, ഷേർ സിംഗിനെതിരെ മുമ്പ് പല ക്രിമിനല്‍ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 2025 ഓഗസ്റ്റില്‍ ഹരിദ്വാറിലെ ഗംഗനഹർ പൊലീസ് സ്റ്റേഷനില്‍ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം ഷേർ സിംഗിനെതിരെ കേസുണ്ട്. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ സംഘടിത കുറ്റകൃത്യ സംഘവുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഏതാനും മാസങ്ങള്‍ ജയിലില്‍ കഴിഞ്ഞ ശേഷമാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ഈ കേസുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ സർവീസില്‍ നിന്ന് പുറത്താക്കാനുള്ള നടപടികള്‍ നടന്നുവരികയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു. അതോടൊപ്പം ജന്തർ മന്തറിലെ വേദിയില്‍ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങള്‍ പ്രകോപനപരവും അച്ചടക്കലംഘനവുമാണെന്ന് വിലയിരുത്തിയ ഉത്തരാഖണ്ഡ് പൊലീസ്, അദ്ദേഹത്തിനെതിരെ വകുപ്പുതല തുടർനടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.






