മലപ്പുറം : കുറ്റിപ്പുറം ബസ് അപകടത്തില്‍ പരിക്കേറ്റ ആളുകളുമായി കോട്ടക്കലിലെ ആശുപത്രികളിലേക്ക് പോയ ആംബുലൻസുകള്‍ വെട്ടിച്ചിറ ടോള്‍ പ്ലാസയില്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയതായി പരാതി.
അപകടസ്ഥലത്ത് നിന്ന് ആദ്യം എത്തിയ ആംബുലൻസ് ഡ്രൈവർ തുടർന്നും ആംബുലൻസുകള്‍ എത്തുമെന്നും, പ്രത്യേക പാത ഒരുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ടോള്‍ ജീവനക്കാർ ഇതിൽ നടപടിഎടുത്തില്ലെന്നാണ് ആക്ഷേപം.
ഇതോടെ പിന്നാലെയെത്തിയ ആംബുലൻസുകള്‍ ടോള്‍ പ്ലാസയില്‍ ഏറെ നേരം കുടുങ്ങിക്കിടന്നതായി ഡ്രൈവർമാർ പറഞ്ഞു. വലിയ ആംബുലൻസുകള്‍ക്ക് സുഗമമായി കടന്നുപോകാൻ പ്രത്യേക ട്രാക്ക് ഇല്ലാത്തതും നിലവിലെ വഴി പരിക്കേറ്റ രോഗികളെ കൊണ്ടുപോകാൻ പ്രയാസമുള്ളതുമാണെന്നും അവർ പറഞ്ഞു. മറ്റുള്ളവരുടെ ഇടപെടലിനെ തുടർന്നാണ് പിന്നീട് ആംബുലൻസുകള്‍ കടത്തിവിട്ടത്.






