തിരുവനന്തപുരം : പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ മാസ്റ്റർപ്ലാനുമായി ആരോഗ്യവകുപ്പ്. ഹൈക്കോടതി ഇടപെടലിന് പിന്നാലെയാണ് സ്റ്റാഫുകളുടെ കുറവും കെട്ടിടത്തിലെ ശോച്യാവസ്ഥയുമടക്കം പരിഹരിക്കാനുള്ള സര്‍ക്കാര്‍ നടപടി. ആരോഗ്യമന്ത്രി കെ മുരളീധരൻ വ്യാഴാഴ്ച മാനസികാരോഗ്യകേന്ദ്രം സന്ദര്‍ശിക്കും.
പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ സ്ഥിതി പരിതാപകരമാണെന്ന ഹൈക്കോടതി വിലയിരുത്തലിന് പിന്നാലെയാണ് അടിയന്തര നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കുന്നത്. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവർ ഇവിടെ നേരിട്ട് പരിശോധന നടത്തിയതിന് പിന്നാലെയാണ് ഈ ഇടപെടല്‍. ജയിലിന് സമാനമായ അവസ്ഥയിലാണ് രോഗികളെ പാര്‍പ്പിച്ചിരിക്കുന്നതെന്നും മതിയായ ജീവനക്കാരെ നിയമിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് മാസ്റ്റർപ്ലാൻ ആരോഗ്യവകുപ്പ് തയ്യാറാക്കുന്നത്. രണ്ട് കെട്ടിടങ്ങള്‍ ഉപയോഗിക്കാൻ കഴിയാത്ത നിലയിലാണ്. ഇത് പുതുക്കിപ്പണിയണം. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങള്‍ ബലപ്പെടുത്തും. മാനസികാരോഗ്യകേന്ദത്തിന്റെ സ്ഥലത്തെ കൈയ്യേറ്റവും ഒഴിപ്പിക്കും. ചികിത്സയിലുള്ള തടവുകാരെ സുരക്ഷ പ്രശ്നം ഉള്ളതിനാല്‍ ജയിലിലേക്ക് തിരച്ചയക്കും.
ജീവനക്കാരുടെ കുറവ് പരിഹരിക്കുകയാണ് പ്രധാന വെല്ലുവിളി. ഇവിടേയ്ക്ക് മാത്രമായി ജീവനക്കാരെ നിയമിക്കാനാണ് തീരുമാനം. ഇവർക്ക് ആവശ്യത്തിനുള്ള പരിശീലനവും നൽകും. സെക്യൂരിറ്റി ജോലിയിലേയ്ക്ക് ആളെ കിട്ടാൻ കൂടുതൽ ശമ്പളം വാഗ്ദാനം ചെയ്യും. കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം ആശുപത്രികളുടെ കാര്യം നോക്കാനായി മാത്രം അഡീഷണല്‍ ഡിഎച്ച്എസിനെ നിയോഗിക്കും.






