പാലക്കാട്: കാവശേരിയില്‍ പതിനാറുകാരന്റെ കുത്തേറ്റ് മുത്തച്ഛൻ മരിച്ചു. വാഴക്കച്ചിറ സുലൈമാൻ(65) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ 19 ന് കാവശ്ശേരിയിലെ വീട്ടില്‍ വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. ചികിത്സയില്‍ കഴിയവേയാണ് സുലൈമാൻ മരിച്ചത്. സുലൈമാന്റെ മകളുടെ മകനാണ് 16 കാരൻ. സഹോദരിയുമായി തർക്കത്തിനിടെ കത്തികൊണ്ട് കുത്താൻ ശ്രമിക്കുന്നതിനിടെ മുത്തശ്ശനായ സുലൈമാൻ പത്തു വയസ്സുകാരിയെ രക്ഷിക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് കുത്തേറ്റത്.
സുലൈമാന്‍ നെഞ്ചിനും കഴുത്തിനും വയറിനും കുത്തേല്‍ക്കുകയായിരുന്നു. പിന്നീട് രണ്ടുപേരെയും ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുലൈമാന്റെ നില ഗുരുതരമായതിനെ തുടർന്ന് തൃശ്ശൂർ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ചികിത്സ തുടരുന്നതിനിടെ ഇന്നലെ രാത്രിയാണ് സുലൈമാൻ മരിച്ചത്. സഹോദരി അപകടനില തരണം ചെയ്തു. സംഭവശേഷം ഒളിവില്‍ പോയ 16കാരനായ പ്രതിയെ പിന്നീട് പൊലീസ് പിടികൂടി ജുവനല്‍ ഹോമിലാക്കി.






