കോട്ടയം : ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി കുമരകം ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ ₹6.15 കോടിയുടെ നിർമ്മാണ പദ്ധതികൾക്ക് ഉടൻ തുടക്കമാകും. പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഉപയോഗിച്ചാണ് പദ്ധതികൾ നടപ്പാക്കുന്നത്.
കുമരകം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ₹4.5 കോടി ചെലവിൽ പുതിയ ഒ.പി. ബ്ലോക്കും, കുമരകം സൗത്ത്, ആട്ടിപ്പീടിക, ആപ്പിത്തറ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ ₹55 ലക്ഷം വീതം ചെലവിൽ പുതിയ കെട്ടിടങ്ങളും നിർമിക്കും. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ കുമരകം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അലൻ കുര്യാക്കോസ്, മെഡിക്കൽ ഓഫീസർ ഡോ. സീമ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. പദ്ധതികൾ പൂർത്തിയാകുന്നതോടെ പ്രദേശത്തെ ആരോഗ്യ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുമെന്ന് അധികൃതർ അറിയിച്ചു.






