കോട്ടയം : കോട്ടയം കൂരോപ്പടയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കേസ് അന്വേഷിക്കുന്നതിനായി അയര്‍ക്കുന്നം എസ്.എച്ച്.ഒ.യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. മരിക്കുന്നതിന് മുന്‍പ് കുടുംബാംഗങ്ങള്‍ നല്കിയ മരണമൊഴികളിലെ വൈരുധ്യവും സാമ്പത്തിക ഇടപാടുകളിലെ ദുരൂഹതകളുമാണ് പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ പൊലീസിനെ പ്രേരിപ്പിച്ചത്.
വിഷം ഉള്ളില്‍ച്ചെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുടുംബത്തിലെ ഇളയ മകന് അലന് തോമസും (12) ചൊവ്വാഴ്ച വൈകിട്ടോടെ മരണത്തിന് കീഴടങ്ങിയിരുന്നു. അമ്മ ജോസ്ന തോമസ് (43), മകള്‍ മരിയ തെരേസ തോമസ് (17) എന്നിവര്‍ ശനിയാഴ്ചയും, പിതാവ് തോമസ് ഏബ്രഹാം (ജോബി-50) ഞായറാഴ്ചയുമാണ് മരിച്ചത്. മരിച്ച അലനും മരിയയും മറ്റക്കര എന്‍എസ്എസ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികളാണ്.
മരണത്തിന് മുന്‍പ് ജോബി, ജോസ്ന, മരിയ തെരേസ എന്നിവരുടെ മരണമൊഴികള്‍ മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ വിഷം ഉള്ളില്‍ച്ചെന്നത് എങ്ങനെയെന്ന കാര്യത്തില്‍ മൂവരും മൂന്ന് തരത്തിലാണ് മൊഴി നല്‍കിയതെന്നാണ് വിവരം. ഇതാണ് മരണത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നത്. ഇളയ മകന് അലന്റെ മൊഴിയെടുക്കാന്‍ ശ്രമിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഡോക്ടര്‍മാര്‍ അനുമതി നല്‍കിയിരുന്നില്ല.
മരണപ്പെട്ട നാലുപേരുടെയും സംസ്കാരം വ്യാഴാഴ്ച നടക്കും. രാവിലെ 11 മണിക്ക് ചേപ്പുംപാറ മര്‍ത്തമറിയം ദൈവാലയ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വൈകിട്ട് മൂന്ന് മണിയോടെ പള്ളി സെമിത്തേരിയില്‍ സംസ്കാരം നടക്കും.






