ഗാന്ധിനഗർ: കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ എസ്വിഇപി സംരംഭമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കുടുംബശ്രീ പ്രീമിയം കഫേ പ്രവർത്തനമാരംഭിച്ചു.
ജില്ലയിലെ രണ്ടാമത്തെ കുടുംബശ്രീ പ്രീമിയം കഫേയാണ് മെഡിക്കൽ കോളജിൽ ആരംഭിച്ചത്.
കുറവിലങ്ങാട് പ്രവർത്തിക്കുന്ന കുടുംബശ്രീ പ്രീമിയം കഫേയാണ് ജില്ലയിൽ ആദ്യത്തേത്.
നാട്ടകം സുരേഷ് എംഎൽഎ കഫേയുടെ ഉദ് ഘാടനം നിർവഹിച്ചു.
മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ്, ആർഎംഒ സാം ക്രിസ്റ്റി മാമൻ, ജില്ലാ പഞ്ചായത്ത് അംഗം ജിം അലക്സ്,
അയ്മനം കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ശുഭ ചന്ദ്രൻ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ പ്രശാന്ത് ശിവൻ, സംരംഭക രാഖി തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.
ആറുപേരടങ്ങുന്ന സംരംഭക യൂണിറ്റാണ് കുടുംബശ്രീ പ്രീമിയം കഫേയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
മെഡിക്കൽ കോളജ് ആശു പത്രിയിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും മികച്ച ഭക്ഷണവും സേവനവും ഉറപ്പാക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങൾ,
ശുചിത്വം, മാലിന്യസംസ്കരണം, പാഴ്സൽ സർവീസ് തുടങ്ങിയ മേഖലകളിലും മികച്ച സൗകര്യങ്ങളാണ് കുടുംബശ്രീ ഒരുക്കിയിരിക്കുന്നത്.
പ്രത്യേകം രൂപകല്പന ചെയ്ത ലോഗോയും ജീവനക്കാർക്കുള്ള ഏകീകൃത യൂണിഫോമും ഉൾപ്പെടെ പ്രഫഷണൽ രീതിയിലാണ് കഫേയുടെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.






