കോട്ടയം: വലിയ പണമൊന്നും വേണ്ട. മോഷണമുതൽ പെട്ടെന്ന് വിറ്റഴിക്കാൻ പറ്റണം. അത്യാവശ്യം കാര്യങ്ങൾ നടന്നുപോകണം. സമാധാനത്തോടെ ജീവിക്കണം.
കള്ളന്മാരുടെ പുതിയ ട്രെൻഡിൽ അടിമുടി പെട്ടിരിക്കുകയാണ് പൊലീസ്. പഴയ രീതികളൊക്കെ വിട്ട് കള്ളന്മാരും ന്യൂജെനായി മാറി കഴിഞ്ഞു.
സ്വർണം, വാഹനങ്ങൾ, പണം... പരമ്പരാഗത മോഷണ മുതലുകൾ വിട്ട് ചെറിയ, വൈവിധ്യമുള്ള മാർക്കറ്റിലേക്ക് ഒതുങ്ങുകയാണ് പുത്തൻ തലമുറ മോഷ്ടാക്കൾ.
മോഷണമൂല്യം ചെറുതായതിനാൽ പരാതി നൽകാൻ ഉടമകൾ മടിക്കും. അതാണ് മോഷണത്തിന്റെ പുത്തൻ തന്ത്രം.
ലഹരി ഉപയോഗത്തിന് പണം കണ്ടെത്താനായി മോഷണങ്ങൾ നടത്തുന്നവരുണ്ട്. 17– 25 വരെ പ്രായമുള്ളവരാണ് ഇത്തരം മോഷ്ടാക്കളിലേറെയുമെന്ന് പൊലീസ് പറയുന്നു.
സമീപത്തെ വീട്ടിൽ ടൈലിടുന്നതിന്റെ ശബ്ദകോലാഹലങ്ങൾക്കിടെ മറ്റൊരു വീട്ടിൽ നിന്ന് 3 ലക്ഷം രൂപ മോഷ്ടിച്ചു. പൊലീസിൻ്റെ പിടിയിലായപ്പോൾ കയ്യിലുണ്ടായിരുന്നത് 48,000 രൂപ മാത്രം.
കറുകച്ചാലിൽ സർവീസിങ് കഴിഞ്ഞ് ഉടമയ്ക്ക് കൈമാറാൻ കടയ്ക്ക് മുന്നിൽ വച്ചിരുന്ന എസി കടത്തി. മുപ്ലിവണ്ട് കയറിയതിനാൽ മരുന്ന് അടിച്ച ശേഷം കടയുടെ മുറ്റത്തേക്ക് ഇറക്കിവച്ചതായിരുന്നു. ഇതിനിടയിലാണ് മോഷണം നടന്നത്.
മറവൻതുരുത്ത് പഞ്ചായത്തിൽ ഇടവട്ടം വാക്കയിൽ ക്ഷേത്രത്തിനു സമീപം മുല്ലക്കേരിൽ ശ്രേയസ്സിന്റെ വീട്ടിൽനിന്നു മോഷണം പോയ ഓട്ടുപാത്രങ്ങൾ ആക്രിക്കടയിൽനിന്നാണ് പൊലീസ് കണ്ടെത്തിയത്. 3 നിലവിളക്ക്, 2 ഉരുളി, 5 കിണ്ടി, മൊന്ത തുടങ്ങിയവയാണ് കണ്ടെത്തിയത്. നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹങ്ങൾ കണ്ടെത്താനായില്ല. ഉരുളിയുമായി ഒരാൾ നടന്നു പോകുന്നത് കണ്ട് ചോദിച്ചപ്പോൾ ഉരുളി ഉപേക്ഷിച്ച് ഓടുകയായിരുന്നു.
ഇങ്ങനെ നിരവധി രസകരമായ മോഷണങ്ങളാണ് കോട്ടയം ജില്ലയിൽ നടക്കുന്നത്.
പാലാ പൊലീസ് സ്റ്റേഷൻ പരിധിയിൽ ലോകകപ്പ് ഫുട്ബോൾ സംപ്രേഷണാവകാശം വാങ്ങിയ കമ്പനി അധികൃതർ ഒരു പരാതിയുമായെത്തി. ഒടിടി സബ്സ്ക്രൈബ് ചെയ്ത യുവാവ് ഈ ദൃശ്യങ്ങൾ പകർത്തി 1,000 പേരുള്ള വാട്സാപ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചു. ഇത് സംപ്രേഷണാവകാശം മോഷ്ടിക്കലാണെന്നും കേസെടുക്കണമെന്നുമാണ് ആവശ്യം. കൂട്ടായ്മയിലെ ഒരോരുത്തരിൽ നിന്നും യുവാവ് 100 രൂപ വീതം വാങ്ങിയെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. സംപ്രേഷണാവകാശം മറ്റുള്ളവർ ദുരുപയോഗം ചെയ്യുന്നുണ്ടോയെന്നറിയാൻ കമ്പനി മറ്റൊരു ഏജൻസിയെ ചുമതലപ്പെടുത്തിയിരുന്നു. ഇവരാണ് യുവാവിന്റെ ‘മോഷണം’ പിടികൂടിയത്.
പ്രതികൾ പിടിയിലാകുമ്പോൾ പറയുന്ന കാരണങ്ങളാണ് പൊലീസിനെ ഞെട്ടിപ്പിക്കുന്നത്.






