മലപ്പുറം: മലപ്പുറത്ത് പൊലീസുകാര്‍ക്ക് നേരെ ലഹരി മാഫിയാ സംഘത്തിന്റെ ആക്രമണമുണ്ടായതില്‍ ആഭ്യന്തരവകുപ്പിന്റെ ഗൗരവമായ ഇടപെടല്‍ ആവശ്യപ്പെട്ട് സിപിഐഎം നേതാവ് കെ ടി ജലീല്‍.
'റൗഡികള്‍ക്ക് മലപ്പുറത്തെ വിട്ടുകൊടുക്കരുത്' എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്. പൊലീസിന്റെ മനോവീര്യം തകര്‍ത്ത് മയക്കുമരുന്ന് മാഫിയകള്‍ക്ക് അഴിഞ്ഞാടാന്‍ കേരളത്തെ വിട്ടുകൊടുക്കരുതെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് ജലീല്‍ ആവശ്യപ്പെടുന്നത്. ആഭ്യന്തരമന്ത്രിയുടെ ശക്തമായ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും ജലീല്‍ ചൂണ്ടിക്കാട്ടി. 22 വര്‍ഷം പൊലീസ് സേനയില്‍ സ്തുത്യാര്‍ഹമായ സേവനം നടത്തി മേലുദ്യോഗസ്ഥരുടെ പ്രശംസക്ക് പാത്രമായ രണ്ടു പൊലീസുകാരെ വധിക്കാനാണ് അപകടകാരികളായ റൗഡികള്‍ ശ്രമിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഷാഡോ പൊലീസ് പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന കല്പഞ്ചേരി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരായ രാമചന്ദ്രനും സുധീഷിനുമാണ് മര്‍ദ്ദനമേറ്റത്. തിരൂര്‍ വൈലത്തൂരിനടുത്ത് അരിപ്പീടിയേങ്ങലുള്ള പൊന്മുണ്ടം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ക്ക് മയക്കുമരുന്ന് വില്ക്കാന് വരുന്ന സംഘത്തെ സംബന്ധിച്ച വിവരം പൊലീസിന് നേരത്തെ കിട്ടിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണത്തിന് നിയോഗിക്കപ്പെട്ട രാമചന്ദ്രനെന്ന പൊലീസുകാരനെ രണ്ട് 'യുവറൗഡികള്' അതിക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചു എന്നാണ് ജലീല്‍ പോസ്റ്റില്‍ പറയുന്നത്. ഇടിയുടെ ആഘാതത്തില്‍ രാമചന്ദ്രന്റെ മൂക്കിന്റെ പാലം തകര്‍ന്ന് രക്തം ചീറ്റി. തക്കസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചതുകൊണ്ടുമാത്രം അദ്ദേഹം രക്ഷപ്പെട്ടു. അല്ലെങ്കില്‍ രക്തം വാര്‍ന്നൊഴുകി ജീവാപായം വരെ സംഭവിക്കുമായിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെയാണ് രാമചന്ദ്രനും സുധീഷും വധശ്രമത്തിന് വിധേയരായതെന്ന് പ്രത്യേകം ഓര്‍ക്കണമെന്നും സിപിഐഎം നേതാവ് ചൂണ്ടിക്കാട്ടി.
വൈലത്തൂര്‍ ഭാഗത്തുനിന്ന് KL 11 AM 1496 നമ്പര്‍ സ്കൂട്ടറിലാണ് ഒന്നും രണ്ടും പ്രതികളായ പൂക്കയില്‍ സഫ്വാനും, അരീക്കാട് ദില്‍ഷാദും എത്തിയത്. ഇരുവരും ചേര്‍ന്നാണ് പൊലീസുകാരെ അടിച്ചും ഇടിച്ചും മൃതപ്രായരാക്കിയത്. സ്കൂള്‍ വരാന്തയില്‍ നിന്ന് ഒപ്പന പ്രാക്ടീസ് ചെയ്തിരുന്ന പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറുന്നതുകണ്ട രാമചന്ദ്രന്, വാഹനത്തിന്റെ നമ്പര്‍ എഴുതിയെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് രാസലഹരിയില്‍ ലക്കുകെട്ട ഗുണ്ടകള്‍ പൊലീസിനെതിരെ തിരിഞ്ഞത്. തിരൂര്‍, പൂക്കയില്‍, വാക്കാട് സ്വദേശി ഷറഫുദ്ദീന്റെ മകന് സഫ്വാനും, തലക്കടത്തൂര്‍, അരീക്കാട് തലപ്പറമ്പ്, സ്വദേശി അബ്ദുള്‍നാസറിന്റെ മകന് ദില്‍ഷാദും കണ്ണില്‍ ചോരയില്ലാത്ത അക്രമമാണ് പോലീസിനു നേര്‍ക്ക് നടത്തിയതെന്നും ജലീല്‍ പറഞ്ഞു.






