ദുബായ്: ദുബായിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ കെ സുധാകരനെ ഡിസ്ചാർജ് ചെയ്തു.
ആശുപത്രി അധികൃതർ ഡിസ്ചാർജ് നൽകാൻ വിസമ്മതിച്ചിരുന്നു. കുടുംബം സ്വന്തം നിലയ്ക്കാണ് ഡിസ്ചാർജ് വാങ്ങിയത്.
യുഎഇ സമയം രാത്രി 9.30ന് എമിറേറ്റ്സ് വിമാനത്തിൽ സുധാകരനും കുടുംബവും ഡൽഹിക്ക് തിരിക്കും. സുധാകരന് പ്രകടമായ ആരോഗ്യപ്രശ്നങ്ങളും അപസ്മാരവും ഉള്ളതായാണ് ദുബായിലെ ഡോക്ടർമാർ പറയുന്നത്.
യാത്ര ചെയ്യുമ്പോൾ ആരോഗ്യനില മോശമാകാനുള്ള സാദ്ധ്യതയുള്ളതായും ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡൽഹിയിലെത്തി തുടർചികിത്സ ആരംഭിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
ഇന്നലെ വൈകിട്ടാണ് ചെക്കപ്പിനായി സുധാകരൻ ആശുപത്രിയിലെത്തിയത്. എന്നാൽ പിന്നാലെ അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നെന്നാണ് വിവരം.
അച്ഛനെ കാണാൻ തന്നെ അനുവദിക്കുന്നില്ലെന്നും അദ്ദേഹം മറ്റാരുടെയോ കസ്റ്റഡിയിലാണെന്നും മകൻ സൻജോഗ് നേരത്തെ ആരോപിച്ചിരുന്നു. പിന്നാലെ ആശുപത്രി അധികൃതർ അനുമതി നൽകിയതോടെ മകൻ സുധാകരനെ ഐസിയുവിൽ കയറി കണ്ടു.
മണ്ഡല പുനർനിർണയ ബിൽ പാർലമെന്റിൽ നാളെ അവതരിപ്പിക്കുന്നതിനെത്തുടർന്ന് ഡൽഹിയിൽ മടങ്ങിയെത്താൻ കോൺഗ്രസ് കഴിഞ്ഞദിവസം സുധാകരനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ ഉണ്ടായത്.






