തിരുവനന്തപുരം: നഷ്ടത്തില്‍ മുങ്ങിത്താണുകൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ടൂർ പാക്കേജടക്കം വൈവിദ്ധ്യമായ പദ്ധതികളൊരുക്കി തിരിച്ചുവരവിന്റെ പാതയിലാണ്.
ലക്ഷദ്വീപ്, ഹൈദരാബാദ് ടൂർ പാക്കേജാണ് ഏറ്റവും പുതിയ പദ്ധതി. മൂന്നാർ, ഗവി, വാഗമണ്‍, നെല്ലിയാമ്പതി അടക്കം ഒരുപിടി ടൂർ പാക്കേജുകള്‍ ഇപ്പോള്‍തന്നെ കെ.എസ്.ആർ.ടി.സിക്കുണ്ട്.
ടൂറിസം ഡിവിഷൻ ആരംഭിച്ചാണ് കെഎസ്ആർടിസി ഇത്തരം ടൂർ പാക്കേജുകള്‍ നടപ്പാക്കുന്നത്. കെഎസ്ആർടിസിയുടെ ആഭിമുഖ്യത്തില്‍ ഭാരത് ദർശൻ യാത്രകള്‍ ആരംഭിക്കുന്നതിന്റെ സാധ്യതകള്‍ തേടുന്നുണ്ട്. നിലവില്‍ ഇന്ത്യൻ റെയില്‍വേ ഇത്തരം യാത്രാപാക്കേജുകള്‍ നടപ്പാക്കുന്നുണ്ട്.
ഹൈദരാബാദില്‍ മൂന്ന് പകലും രണ്ട് രാത്രിയും, രണ്ട് പകലും ഒരു രാത്രിയും ചിലവഴിക്കുന്ന തരത്തില്‍ രണ്ട് പാക്കേജുകളാണ് യാത്രികർക്കായി ഒരുക്കിയിരിക്കുന്നത്. ഹൈദരാബാദിലെ താമസം, ഭക്ഷണം, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പ്രവേശന ഫീസ് എന്നിവ പാക്കേജില്‍ ഉള്‍പ്പെടുന്നു. കൊച്ചിയില്‍ നിന്ന് വിമാനമാർഗം ആരംഭിച്ച് അഗത്തി, കല്‍പ്പിട്ടി ദ്വീപുകള്‍ സന്ദർശിക്കുന്നതാണ് ലക്ഷദ്വീപ് യാത്രാ പാക്കേജ്. മൂന്ന് രാത്രിയും നാല് പകലും നീളുന്ന യാത്ര സാധാരണക്കാരുടെ ബജറ്റില്‍ ഒതുങ്ങുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്
ലക്ഷദ്വീപിലേക്ക് കൊച്ചിയില്‍ നിന്ന് കപ്പല്‍ മാർഗ്ഗമുള്ള യാത്രയാവും പ്രധാന ആകർഷണം. സമുദ്രം, എം.വി കവരത്തി ക്രൂയിസുകളാവും ഇതിനായി ഉപയോഗിക്കുക. ലക്ഷദ്വീപിലെ പ്രകൃതിഭംഗി, സ്നോർക്കെല്ലിംഗ്, സ്കൂബ ഡൈവിംഗ്, മറ്റ് വാട്ടർ സ്പോർട്സ് എന്നിവയെല്ലാം ആസ്വദിക്കാം. യാത്രാ പെർമിറ്റ്, കൊച്ചിയില്‍ നിന്നുള്ള ഷിപ്പ് ടിക്കറ്റ്, ദ്വീപിലെ താമസം, ഭക്ഷണം, വാട്ടർ സ്പോർട്സ് എന്നിവയടക്കമായിരിക്കും പാക്കേജ്.
എന്നാല്‍ ലക്ഷദ്വീപ് പെർമിറ്റും കപ്പല്‍ ടിക്കറ്റും മുൻകൂട്ടി ഉറപ്പാക്കേണ്ടതിനാല്‍ ആഴ്ചകള്‍ക്ക് മുൻപേ ബുക്കിംഗ് പൂർത്തിയാക്കേണ്ടതുണ്ട്. ഹൈദരാബാദ് പാക്കേജ് കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യും. ലോകത്തിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ കോംപ്ലക്സായ രാമോജി ഫിലിം സിറ്റി, ചാർമിനാർ, ലാഡ് ബസാർ, ഗൊല്‍ക്കൊണ്ട കോട്ട, ഹുസൈൻ സാഗർ തടാകം, ബുദ്ധപ്രതിമ, സലാർ ജംഗ് മ്യൂസിയം, ബിർള മന്ദിർ എന്നിവിടങ്ങളിലെല്ലാം സന്ദർശനം നടത്താം. ബഡ്ജറ്റ് നിരക്കില്‍ താമസം, പ്രാദേശിക യാത്രാസൗകര്യം, പ്രധാന കാഴ്ചകളുടെ എൻട്രി ടിക്കറ്റുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
യാത്രാടിക്കറ്റ് വരുമാനം കൊണ്ടുമാത്രം കെ.എസ്.ആർ.ടി.സിയെ രക്ഷപെടുത്താനാവില്ലെന്ന് തിരിച്ചറിഞ്ഞാണ് ടൂറിസം പാക്കേജുകള്‍ നടപ്പാക്കുന്നത്. ഇതിനായി പ്രത്യേക സോഫ്റ്റ്വെയർ നിലവില്‍ വന്നതോടെ യാത്രക്കാർക്ക് ടിക്കറ്റുകള്‍ ഓണ്‍ലൈൻ വഴി ബുക്ക് ചെയ്യാനാകും. ഇന്ത്യൻ റെയില്‍വേയ്ക്ക് സമാനമായി കെഎസ്ആർടിസി ടിക്കറ്റ് റിസർവേഷനിലും വെയിറ്റിംഗ് ലിസ്റ്റ് ഏർപ്പെടുത്തുന്നതാണ് പുതുതായി ഒരുക്കിയ സംവിധാനം. വിഴിഞ്ഞം തുറമുഖത്തു നിന്നുള്ള ചരക്കുനീക്കത്തില്‍ പങ്കാളിയാകാനുള്ള ചർച്ചകള്‍ കെഎസ്ആർടിസി തുടങ്ങി. ഇതിനായി ട്രക്കുകള്‍ വാടകയ്ക്കെടുക്കും.






