കാസർകോട്: കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് പൊട്ടിവീണ പ്ലാറ്റ്ഫോമിൽ കുടുങ്ങി യാത്രക്കാരിയുടെ ഇടതുകാലിന്റെ എല്ലിനു പൊട്ടൽ.
നീലേശ്വരം അഴിത്തല ബോട്ട് ജെട്ടിക്കു സമീപത്തെ മത്സ്യത്തൊഴിലാളി മുഹമ്മദ്കുഞ്ഞിയുടെ മകൾ കുഞ്ഞായിഷയ്ക്കാണ് (39) പരുക്കേറ്റത്. കഴിഞ്ഞദിവസം വൈകിട്ട് പയ്യന്നൂരിൽനിന്നു കാഞ്ഞങ്ങാട്ടേക്കു പോവുകയായിരുന്ന ബസ് പടന്നക്കാട് ഐങ്ങോത്തു കഴിഞ്ഞപ്പോഴാണ് അപകടം.
ബസിന്റെ പിന്നിലെ ടയറിന്റെ മുകൾഭാഗത്തെ സീറ്റിലായിരുന്നു കുഞ്ഞായിഷ. വലിയ ശബ്ദത്തിൽ ടയർ പൊട്ടിയതിനൊപ്പം പ്ലാറ്റ്ഫോം തകരുകയായിരുന്നു. എല്ല് പുറത്തേക്കുതള്ളിയനിലയിൽ കെഎസ്ആർടിസി ജീവനക്കാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. അടിയന്തര ശസ്ത്രക്രിയ നടത്തി. കാഞ്ഞങ്ങാട് പൊലീസ് കേസെടുത്തു.






