കോട്ടയം: ആസ്തി വികസന ഫണ്ട് വിനിയോഗിച്ചു കെഎസ്ആർടിസിക്കു ബസ് വാങ്ങി നല്കാന് യു.ഡി.എഫ് എം.എല്‍.എമാര്‍ തുക നല്കി തുടങ്ങി.
കൊയിലാണ്ടി എംഎല്‍എ കെ. പ്രവീണ്‍കുമാര്‍ 40 ലക്ഷം രൂപയും, കാഞ്ഞിരപ്പള്ളി എം.എല്‍.എ റോണി കെ. ബേബി 45 ലക്ഷം രൂപയും അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചു കലക്ടര്‍ക്കു കത്തു നല്കി.
ഒരു എം.എല്‍.എയ്ക്കു പരമാവധി മൂന്നു ബസുകള്‍ സ്പോണ്സര് ചെയ്യാമെങ്കിലും ഒരു ബസ് വാങ്ങാനുള്ള തുകയാണു പലരും നല്‍കുന്നത്.
കെ.എസ്.ആര്.ടി.സി ബസ് നവീകരിക്കുന്നതിനും പൊതുഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി എം.എല്‍.എമാരുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ചു ബസ് വാങ്ങി നല്കാന് സര്‍ക്കാര്‍ കഴിഞ്ഞ മാസമാണു പ്രത്യേകാനുമതി നല്‍കിയത്.
2026-27 സാമ്പത്തിക വര്‍ഷത്തെ നിയമസഭ മണ്ഡല ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു എം.എല്‍.എക്കു പരമാവധി മൂന്നു ബസുകള്‍ വരെ വാങ്ങാനാണ് അനുമതി നല്‍കിയത്.
താല്പര്യമുള്ള ജനപ്രതിനിധികള്‍ വിഹിതം അനുവദിച്ചുള്ള നിര്‍ദേശം ഒക്ടോബര്‍ 15 ന് അകം ജില്ല കലക്ടര്‍മാര്‍ക്കു നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
വാങ്ങുന്ന ബസുകളുടെ സീറ്റുകളുടെ എണ്ണം, ഇന്ധന വിഭാഗം എന്നിവ കെ.എസ്.ആര്.ടി.സി സി.എം.ഡി ആലോചിച്ചാകും തീരുമാനിക്കുക. ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ ഉള്‍പ്പെടെ ഏതു വിഭാഗത്തിലും ഈ ബസുകള്‍ വിന്യസിക്കാന്‍ കെ.എസ്.ആര്.ടി.സിക്ക് അധികാരമുണ്ടായിരിക്കും.
ഇന്ധനം, ജീവനക്കാരുടെ ശമ്പളം, അറ്റകുറ്റപ്പണികള്‍, മറ്റു പ്രവര്‍ത്തനച്ചെലവുകള്‍ എന്നിവ പൂര്‍ണമായി കെഎസ്ആര്‍ടിസി തന്നെ വഹിക്കും.
ബസുകളുടെ റൂട്ടും സര്‍വീസും നിശ്ചയിക്കുമ്പോള്‍ അതത് എംഎല്‍എമാരുമായി കൂടിയാലോചിച്ചു മണ്ഡലത്തിലെ യാത്രക്കാരുടെ ആവശ്യങ്ങള്‍ക്കു മുന്‍ഗണന നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
അതേമസയം, നിലവില്‍ യു.ഡി.എഫ് എം.എല്‍.എമാരാണ് ഫണ്ട് അനുവദിച്ചു തുടങ്ങിയിരിക്കുന്നത്. എല്‍.ഡി.എഫ് എം.എല്‍.എമാര്‍ തുക അനുവദിക്കുമോ എന്നതും രാഷ്ട്രീയ ചോദ്യമായി നില്ക്കുന്നു.






