കൊല്ലം: കൊട്ടാരക്കര സദാനന്ദപുരത്ത് ഓടിക്കൊണ്ടിരുന്ന കെ. എസ്. ആർ. ടി. സി ബസിന് മുന്നിലേക്ക് മരം കടപുഴകി വീണു.
നിറയെ യാത്രക്കാരുമായി കൊട്ടാരക്കരയിൽ നിന്ന് വാളകത്തേക്ക് പോകുകയായിരുന്ന ഓർഡിനറി ബസിന് മുന്നിലേക്കാണ് മരം വീണത്.
യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.സദാനന്ദപുരം സ്കൂൾ പരിസരത്ത് നിന്നിരുന്ന മരമാണ് ശക്തമായ മഴയ്ക്കിടെ എംസി റോഡിലേക്ക് പിഴുതുവീണത്.
മരം റോഡിലേക്ക് വീണ സമയത്ത് ഇതുവഴി ബസ് കടന്നുപോകുകയായിരുന്നു. ബസിന് മുന്നിലേക്കാണ് മരം വീണത്.
സംഭവത്തെ തുടർന്ന് എംസി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.
വിവരമറിഞ്ഞ് കൊട്ടാരക്കരയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. തുടർന്ന് റോഡിലേക്ക് വീണ മരം മുറിച്ചുമാറ്റി.
ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ മരം നീക്കം ചെയ്തതോടെയാണ് റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചത്.
അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റതായി വിവരമില്ല.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലുൾപ്പെടെ റോഡരികിലെ മരങ്ങൾ കടപുഴകി വീഴാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.
സദാനന്ദപുരത്ത് സംഭവിച്ച അപകടത്തിൽ വൻ ദുരന്തമാണ് ഒഴിവായത്.






