തിരുവനന്തപുരം: കെഎസ്ആർടിസിക്ക് പുതിയ ബസുകള്‍ വാങ്ങുന്നതിനായി എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ അനുമതി നല്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി.
പൊതുഗതാഗത സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ ഈ സുപ്രധാന തീരുമാനം. ഉത്തരവ് അനുസരിച്ച് ഒരു നിയമസഭാ മണ്ഡലത്തില്‍ പരമാവധി മൂന്ന് ബസുകള്‍ വരെ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് വാങ്ങാൻ അനുവാദമുണ്ട്.
ഈ ബസുകള്‍ അനുവദിക്കുന്ന മണ്ഡലങ്ങളിലെ യാത്രക്കാരുടെ യാത്രാവശ്യങ്ങള്‍ക്കായിരിക്കും സർവീസുകളില്‍ ആദ്യ മുൻഗണന നല്‍കുക. വാങ്ങാൻ ഉദ്ദേശിക്കുന്ന ബസുകളുടെ ഇരിപ്പിട ശേഷി, ബോഡി തരം, ഇന്ധന വിഭാഗം എന്നിവ കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറുമായി (സിഎംഡി) ആലോചിച്ചായിരിക്കും എംഎല്‍എമാർ അന്തിമമായി തീരുമാനിക്കുക.
എംഎല്‍എമാരില്‍ നിന്ന് ഫണ്ട് ഉറപ്പാക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കിയിട്ടുണ്ട്. നികുതികളും രജിസ്ട്രേഷൻ ചാർജുകളും ഉള്‍പ്പെടെ ഒരു ബസിന് വരുന്ന ആകെ ചെലവ് വ്യക്തമാക്കുന്ന പട്ടിക സെപ്റ്റംബർ 30-നകം കെഎസ്ആർടിസി സിഎംഡി ജനപ്രതിനിധികള്‍ക്ക് കൈമാറണം. തുടർന്ന്, ബസുകള്‍ വാങ്ങുന്നതിനായി തങ്ങളുടെ വിഹിതം അനുവദിച്ച് കൊണ്ടുള്ള നിർദേശം ഒക്ടോബർ 15-നകം എംഎല്‍എമാർ ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്ക് സമർപ്പിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു






