തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ബസ് സ്പോൺസർഷിപ്പുകൾ ക്ഷണിച്ച് കെഎസ്ആർടിസി.
സർക്കാരിൻ്റെ പ്രത്യേക കർമ്മപദ്ധതിയുടെ ഭാഗമായാണ് സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും കെഎസ്ആർടിസി സഹായം തേടുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സി.എസ്.ആർ. (CSR) ഫണ്ടുകൾ, സന്നദ്ധ-സാമൂഹിക സംഘടനകൾ, ക്ലബ്ബുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവർക്ക് കെഎസ്ആർടിസി ഫ്ലീറ്റിലേക്ക് ബസുകൾ സ്പോൺസർ ചെയ്യാം.
സമൂഹിക ഉത്തരവാദിത്വത്തിൻ്റെ ഭാഗമായി പൊതുഗതാഗത മേഖലയെ പിന്തുണയ്ക്കാനും മികച്ച യാത്രാസേവനം ഉറപ്പാക്കാനും ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
കെഎസ്ആർടിസിയുടെ ആവശ്യാനുസരണം 9 മീറ്റർ മുതൽ 15 മീറ്റർ വരെ നീളമുള്ള വിവിധ മോഡൽ ബസുകൾ നൽകാം. എ.സി. പ്രീമിയം ബസുകൾ, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, ഷോർട്ട് ഡിസ്റ്റൻസ് ഫാസ്റ്റ് പാസഞ്ചർ, എ.സി. സീറ്റർ, എ.സി. സ്ലീപ്പർ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
സ്പോൺസർ ചെയ്യുന്ന സ്ഥാപനത്തിൻ്റെയോ സംഘടനയുടെയോ പേരും ബ്രാൻഡും നിശ്ചിത മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിധേയമായി ബസുകളിൽ പ്രദർശിപ്പിക്കാം.






