കോട്ടയം : ജില്ലയിൽ മഴക്കെടുതിയിൽ കെ.എസ്.ഇ.ബിയ്ക്ക് 1.75 കോടിയുടെ നഷ്ടം. പാലാ സർക്കിളിന് കീഴിലുള്ള 21 ഇലക്ട്രിക്കൽ സെക്ഷനുകളിലായി ഒരു കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായി.
മൂന്ന് ട്രാൻസ്ഫോർമറുകൾ പൂർണമായി തകർന്നു. 76 ഹൈടെൻഷൻ പോസ്റ്റുകളും 218 ലോ ടെൻഷൻ പോസ്റ്റുകളും ഒടിഞ്ഞു.
11 കെ.വി. ലൈനുകൾ ഉൾപ്പെടെ 863 ഇടങ്ങളിൽ വൈദ്യുതി ലൈനുകൾ പൊട്ടി. 340 ഇടങ്ങളിൽ മരങ്ങൾ ഒടിഞ്ഞു വീണും വൈദ്യുതി തടസപ്പെട്ടു.
കോട്ടയം സർക്കിളിന് കീഴിൽ 73663 ഉപഭോക്താക്കളെയാണ് ബാധിച്ചത്. 31 സെക്ഷനുകളിലായി 78 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
25 ഹൈടെൻഷൻ പോസ്റ്റുകളും 78 ലോ ടെൻഷൻ പോസ്റ്റുകളും നശിച്ചു. 285 ഇടങ്ങളിൽ വൈദ്യുതി ലൈൻ പൊട്ടി. രണ്ട് ട്രാൻസ്ഫോമറുകൾ പൂർണമായും നശിച്ചതിനെത്തുടർന്ന് മാറ്റിസ്ഥാപിച്ചു.
വെള്ളപ്പൊക്ക ദുരിതത്തിനിടെ വൈദ്യുതി വിതരണം പുന:സ്ഥാപിക്കുന്നതിനായി കെ.എസ്.ഇ.ബി. യിലെ ഉദ്യോഗസ്ഥരും ജീവനക്കാരും നടത്തിയത് കഠിനപ്രയത്നം.
കനത്ത മണ്ണിടിച്ചിലും നാശനഷ്ടവുമുണ്ടായ പൂഞ്ഞാർ, തീക്കോയി, ഈരാറ്റുപേട്ട മേഖലകളിലടക്കം അടിയന്തര പ്രാധാന്യം നൽകി വൈദ്യുതി വിതരണം മൂന്നു ദിവസം കൊണ്ട് പുന:സ്ഥാപിച്ചു.
2018ലെ പ്രളയത്തെ തുടർന്ന് കുമരകം, തിരുവാർപ്പ്, വെച്ചൂർ, കല്ലറ തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലുണ്ടായിരുന്ന ട്രാൻസ്ഫോമറുകൾ വെള്ളം കയറാത്ത ഭാഗങ്ങളിലേക്ക് മാറ്റിസ്ഥാപിക്കുകയോ ഉയരം കൂട്ടി സ്ഥാപിക്കുകയോ ചെയ്തിരുന്നതിനാലാണ് കൂടുതൽ നാശനഷ്ടം ഒഴിവായത്.
കാലവർഷത്തിന് മുൻപേ ഹൈടെൻഷൻ, ലോ ടെൻഷൻ ലൈനുകൾക്ക് സമീപമുള്ള മരച്ചില്ലകൾ വെട്ടിമാറ്റിയിരുന്നു.






