ബൊഗോട്ട∙ കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ട ഉൾപ്പെടെയുള്ള പ്രദേശങ്ങളെ നടുക്കി ശക്തമായ ഭൂചലനം. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ പറഞ്ഞു.
47 പേർ മരിച്ചു. ബൊഗോട്ടയില്നിന്ന് 400 കിലോമീറ്റർ പടിഞ്ഞാറുള്ള സാൻ ജോസ് ഡെൽ പാൽമറാണ് പ്രഭവകേന്ദ്രം. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 7.34നാണ് ഭൂചലനമുണ്ടായത്.
ഭൂമിക്കടിയിൽ 79 കിലോമീറ്ററോ അതിൽ കൂടുതലോ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന് കൊളംബിയൻ അധികൃതർ പറഞ്ഞു.
ആളുകൾ വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും പുറത്തേക്ക് ഓടിരക്ഷപ്പെടുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
അയൽരാജ്യമായ ഇക്വഡോറിലും വെനസ്വേലയുടെ അതിർത്തിയിലും പ്രകമ്പനം അനുഭവപ്പെട്ടു.
കെട്ടിടങ്ങൾ വിണ്ടുകീറി. ജൂൺ അവസാനം വെനസ്വേലയിൽ 7.2, 7.5 തീവ്രതയുള്ള ഭൂചലനങ്ങളുണ്ടായിരുന്നു. അന്ന് നൂറുകണക്കിന് കെട്ടിടങ്ങൾ തകരുകയും 5,000ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു.






