കൊച്ചി: കേരളം രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുന്നതിനിടെ കെഎസ്ഇബി ചെയർമാൻ സ്ഥാനത്തുനിന്ന് എംജി രാജമാണിക്യത്തെ മാറ്റിയതിനു പിന്നിൽ വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളാണെന്ന് റിപ്പോർട്ടുകൾ.
ഹിമാചൽ പ്രദേശിൽനിന്ന് യൂണിറ്റിന് 14.50 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള നീക്കത്തിന് സർക്കാർ അനുമതി തേടിയില്ലെന്നതാണ് രാജമാണിക്യത്തിനെതിരായ പ്രധാന വിമർശനമെന്ന് യുഡിഎഫ് കേന്ദ്രങ്ങൾ ആരോപിക്കുന്നു. അതേസമയം, ടെൻഡർ നടപടികളോ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരമോ ഇല്ലാതെ സ്വകാര്യ കമ്പനിയിൽനിന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള സർക്കാർ നീക്കത്തെ അദ്ദേഹം എതിർത്തതാണ് സ്ഥാനനഷ്ടത്തിന് കാരണമെന്ന വാദവും ഉയരുന്നുണ്ട്.
സംസ്ഥാനത്തെ വൈദ്യുതി ക്ഷാമത്തിന് പരിഹാരം കാണാൻ ഹിമാചൽ പ്രദേശിൽനിന്ന് വൈദ്യുതി എത്തിക്കണമെന്ന നിർദേശമാണ് കെഎസ്ഇബി മുന്നോട്ടുവച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ ഒന്നുമുതൽ കേരളത്തിന് വൈദ്യുതി ലഭിച്ചുതുടങ്ങിയിരുന്നു. സർക്കാർ തലത്തിൽ നടത്തിയ ചർച്ചകൾക്കുശേഷം യൂണിറ്റിന് 14.50 രൂപയായിരുന്ന നിരക്ക് 12.50 രൂപയായി കുറച്ചതായാണ് വിവരം.
പീക്ക് സമയത്ത് 800 മുതൽ 1,280 മെഗാവാട്ട് വരെ വൈദ്യുതി ഹിമാചലിൽനിന്ന് വാങ്ങാനായിരുന്നു ബോർഡിന്റെ ആലോചന. ഉയർന്ന നിരക്കാണെങ്കിലും ലഭിക്കുന്ന വൈദ്യുതിയുടെ 80 ശതമാനവും രാത്രികാലത്തായതിനാൽ ഈ കരാർ സാമ്പത്തികമായി ഗുണകരമാകുമെന്നായിരുന്നു കെഎസ്ഇബിയുടെ വിലയിരുത്തൽ. നവംബർ മുതൽ മാർച്ച് വരെയുള്ള കാലയളവിൽ യൂണിറ്റിന് 14.50 രൂപ നിരക്കിൽ വൈദ്യുതി വാങ്ങിയാൽ 1,281 കോടി രൂപയും 12.50 രൂപ നിരക്കിൽ വാങ്ങിയാൽ 1,105 കോടി രൂപയുമാണ് ചെലവ് കണക്കാക്കിയത്. എന്നാൽ, സ്വകാര്യ കമ്പനിയിൽനിന്ന് മുഴുവൻ സമയവും 500 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള ചെലവ് 1,566 കോടി രൂപയാകുമെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇരു കരാറുകളും യൂണിറ്റിന്റെ വില മാത്രം അടിസ്ഥാനമാക്കി താരതമ്യം ചെയ്യാനാകില്ലെന്ന നിലപാടിലായിരുന്നു രാജമാണിക്യവും കെഎസ്ഇബിയും.
ഇതിനിടെയാണ് വിവിധ വൈദ്യുതി ഉൽപാദകരിൽനിന്ന് വൈദ്യുതി വാങ്ങി വിതരണം ചെയ്യുന്ന ജിഎൻഎ എനർജി പ്രൈവറ്റ് ലിമിറ്റഡ് സർക്കാരിന് പുതിയ നിർദേശം നൽകിയത്. മാർച്ച് മാസംവരെ പകലും രാത്രിയിലുമായി 500 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 8.63 രൂപ നിരക്കിൽ നൽകാമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം.
എന്നാൽ, പകൽ സമയത്ത് കേരളത്തിന് അധികമായി വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്നായിരുന്നു രാജമാണിക്യത്തിന്റെ വിലയിരുത്തൽ. ജിഎൻഎ എനർജിയുമായുള്ള നിർദിഷ്ട കരാർ നടപ്പാക്കിയാൽ മാർച്ച് വരെ 1,566 കോടി രൂപ ചെലവാകുമെന്ന് അദ്ദേഹം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. രാത്രികാലത്ത് ഈ കമ്പനിയിൽനിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കില്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
ഹിമാചൽ പ്രദേശിൽനിന്ന് രാത്രിയിലെ ആവശ്യത്തിന് വൈദ്യുതി വാങ്ങാൻ 1,281 കോടി രൂപ മതിയാകുമെന്നാണ് കണക്ക്. എന്നിരുന്നാലും രാത്രിയിലെ അധിക വൈദ്യുതി ക്ഷാമം പരിഹരിക്കാൻ 442 കോടി രൂപ കൂടി ചെലവഴിച്ച് വൈദ്യുതി വാങ്ങേണ്ടിവരുമെന്നും വിലയിരുത്തലുണ്ട്. വൈദ്യുതി വാങ്ങൽ കരാറുകളെച്ചൊല്ലിയുള്ള ഈ വ്യത്യസ്ത നിലപാടുകളാണോ കെഎസ്ഇബി ചെയർമാന്റെ മാറ്റത്തിന് പിന്നിലെന്ന ചർച്ചയാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്.
2027 മേയ് 15 വരെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാന്‍ ഹിമാചല്‍ പ്രദേശുമായി കരാറില്‍ ഏര്‍പ്പെടേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ഒക്ടോബറില്‍ രാജമാണിക്യം വൈദ്യുതി മന്ത്രിയെ 10 തവണയോളം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ സ്വകാര്യ കമ്പനിയില്‍ 500 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള നിര്‍ദ്ദേശത്തോടാണ് സര്‍ക്കാരിന് താല്പര്യമെന്ന് മന്ത്രി അറിയിച്ചു. സ്വകാര്യ പ്ലാറ്റ്ഫോമായ ജി.എന്‍.എ. വഴി വൈദ്യുതി വാങ്ങുന്നത് റെഗുലേറ്ററി കമ്മിഷന് അനുവദിച്ചിട്ടില്ലെന്നും ഇനി അതിന് സാധ്യതയില്ലെന്നും കെഎസ്ഇബി അറിയിച്ചങ്കിലും അതിന് വിരുദ്ധമായ നിലപാട് ആണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. രാജമാണിക്യത്തെ മാറ്റിയതോടെ എന്‍ പ്രശാന്തിനാണ് കെഎസ്ഇബി ചെയര്‍മാന്റെ ചുമതല.






