കോട്ടയം: പ്രവർത്തനം തുടങ്ങി 12 വർഷം പിന്നിട്ടിട്ടും ഒരു വിദ്യാർഥിക്കുപോലും അക്കാദമിക് സർട്ടിഫിക്കറ്റ് നല്‍കാനാകാത്ത വിദ്യാഭ്യാസ സ്ഥാപനം.
സിനിമാക്കഥയെ പോലും വെല്ലുന്ന ഈ വിചിത്ര സാഹചര്യം കോട്ടയത്തെ കെ.ആർ. നാരായണൻ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയൻസ് ആൻഡ് ആർട്സിലാണ്. ഇതുവരെ നാലു ബാച്ചിലെ വിദ്യാർഥികള്‍ മാത്രമാണ് പരീക്ഷയെഴുതി കോഴ്സ് പൂർത്തിയാക്കിയത്. എന്നാല്‍ ഇവരും സർട്ടിഫിക്കറ്റിനായി കാത്തിരിക്കുകയാണ്. കോഴ്സ് പൂർത്തിയാക്കുന്നതിലെ വർഷങ്ങളുടെ കാലതാമസത്തിനൊപ്പം സർട്ടിഫിക്കറ്റ് ലഭിക്കാത്തതും വിദ്യാർഥികളുടെ ഉപരിപഠന, തൊഴില്‍ സാധ്യതകളെയാണ് ബാധിക്കുന്നത്.
ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവർത്തിക്കുന്ന സ്ഥാപനമായിട്ടും കൃത്യമായ അക്കാദമിക് കലണ്ടറോ ഭരണാസൂത്രണമോ ഇവിടെ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. 2014ലെ ആദ്യ ബാച്ചിനായി സർട്ടിഫിക്കറ്റ് തയ്യാറാക്കിയിരുന്നു. എന്നാല്‍ സർട്ടിഫിക്കറ്റിലെ ചില പോരായ്മകള്‍ ചൂണ്ടിക്കാട്ടി അത് പുതുക്കാൻ അന്നത്തെ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ നിർദേശിച്ചു. പിന്നീട് സർട്ടിഫിക്കറ്റിന്റെ അന്തിമ രൂപകല്‍പ്പന അടുത്തിടെയാണ് പൂർത്തിയാക്കിയത്. എന്നാല്‍ ഇതുവരെ വിദ്യാർഥികള്‍ക്ക് വിതരണം ചെയ്തിട്ടില്ല
2014ല്‍ പ്ലസ് ടു യോഗ്യതയുള്ളവർക്കായി മൂന്നുവർഷ ഡിപ്ലോമ കോഴ്സോടെയാണ് സ്ഥാപനത്തിന്റെ പ്രവർത്തനം ആരംഭിച്ചത്. തുടർച്ചയായി മൂന്നു ബാച്ചുകള്‍ പഠിച്ചിറങ്ങി. പിന്നീട് കോഴ്സ് മൂന്നുവർഷ ബിരുദാനന്തരബിരുദ ഡിപ്ലോമയായി ഉയർത്തി. ഈ കോഴ്സിലേക്കുള്ള ആദ്യ പ്രവേശനം നടന്നത് 2019ലാണ്. ഇതുവരെ ഒരു ബാച്ച് മാത്രമാണ് കോഴ്സ് പൂർത്തിയാക്കിയത്. 2022, 2024, 2025 വർഷങ്ങളില്‍ പ്രവേശനം നേടിയ വിദ്യാർഥികള്‍ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. നടപ്പുവർഷം പ്രവേശനം നടന്നിട്ടുമില്ല. ഇതോടെ പല വർഷങ്ങളും ഫലത്തില്‍ 'സീറോ ഇയർ' ആയി മാറുന്ന സാഹചര്യമാണ്.
അഭിനയം, സംവിധാനം, എഡിറ്റിങ്, സൗണ്ട് ഡിസൈൻ, ആനിമേഷൻ ആൻഡ് വിഷ്വല്‍ ഇഫക്ട്സ്, ഛായാഗ്രഹണം തുടങ്ങിയ വിഭാഗങ്ങളിലായി ആകെ 60 സീറ്റുകളാണുള്ളത്. എന്നാല്‍ പഠനം പൂർത്തിയാക്കിയ വിദ്യാർഥികള്‍ക്ക് പോലും സർട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യം തുടരുന്നത് സ്ഥാപനത്തിന്റെ അക്കാദമിക് പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഗുരുതര ചോദ്യങ്ങളാണ് ഉയർത്തുന്നത്. കോഴ്സ് പൂർത്തിയാക്കിയവരുടെ തുടർപഠനവും തൊഴില്‍ സാധ്യതകളും സർട്ടിഫിക്കറ്റിനായുള്ള കാത്തിരിപ്പില്‍ നീളുകയാണ്. 12 വർഷം പിന്നിട്ടിട്ടും വിദ്യാർഥികള്‍ക്ക് സർട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യം ഇനി എപ്പോള്‍ പരിഹരിക്കുമെന്നതാണ് പ്രധാന ചോദ്യം.






