ഏറ്റുമാനൂർ: ക്രിസ്തുരാജ പള്ളിയില്‍ മിശിഹായുടെ രാജത്വ തിരുനാളിനോടനുബന്ധിച്ച് ഇന്നലെ നടത്തിയ പട്ടണ പ്രദക്ഷിണം ഭക്തിനിർഭരമായി.
നൂറുകണക്കിന് വിശ്വാസികള്‍ പ്രദക്ഷിണത്തില്‍ സംബന്ധിച്ചു.
വൈകുന്നേരം ഫാ. ജോസ് മുകളേല്‍ അർപ്പിച്ച വിശുദ്ധ കുർബാനയ്ക്ക് ശേഷമായിരുന്നു പ്രദക്ഷിണം. പ്രദക്ഷിണ വീഥികള്‍ കൊടിതോരണങ്ങളാലും വൈദ്യുത ദീപങ്ങളാലും അലംകൃതമായിരുന്നു.
പള്ളിയില്‍ നിന്നാരംഭിച്ച പ്രദക്ഷിണം അതിരമ്പുഴ റോഡിലൂടെ കോടതിപ്പടി വഴി തുമ്പശേരി ജംഗ്ഷനില്‍ എംസി റോഡില്‍ പ്രവേശിച്ച് കുരിശുപള്ളിയില്‍ എത്തിയപ്പോള്‍ ഫാ. മാർട്ടിൻ നീളംപറമ്പിലിന്റെ കാർമികത്വത്തില്‍ ലദീഞ്ഞ് നടത്തി. തുടർന്ന് പള്ളിയില്‍ എത്തി പ്രദക്ഷിണം സമാപിച്ചു.
പ്രധാന തിരുനാള്‍ ദിവസമായ ഇന്ന് രാവിലെ 5.30ന് വിശുദ്ധ കുർബാന. ഏഴിന് ക്രിസ്തുരാജ പ്രാർഥന, വിശുദ്ധ കുർബാന, പ്രസംഗം- ഫാ. ജോബിൻ വന്യംപറമ്പില്‍. 9.30ന് റാസ കുർബാന-ഫാ. മെല്ബിൻ കഴുന്നുകണ്ടത്തില്‍. പ്രസംഗം- ഫാ. സിബിൻ മുളവരിക്കല്‍.
വൈകുന്നേരം നാലിന് വിശുദ്ധ കുർബാന, പ്രസംഗം: ഫാ. ജേക്കബ് ചക്കാത്ര. ആറിന് പട്ടണ പ്രദക്ഷിണം ആരംഭിക്കും.
പള്ളിയില്‍ നിന്ന് നീണ്ടൂർ റോഡിലൂടെ മർത്ത്മറിയം കുരിശടിയില്‍ എത്തി കണ്ണാറമുകള്‍ റോഡിലൂടെ എംസി റോഡില്‍ പ്രവേശിച്ച് കുരിശുപള്ളിയില്‍ എത്തും. അവിടെ ഫാ. ജിയോ പറേക്കുന്നേലിന്റെ കാർമികത്വത്തില്‍ ലദീഞ്ഞിനുശേഷം പള്ളിയില്‍ എത്തി സമാപിക്കും. തുടർന്ന് കൊടിയിറക്കും നേർച്ച വസ്തുക്കളുടെ ലേലവും.





