മാന്നാനം: മാന്നാനം കുന്നിലെ വചനകൂടാരത്തിലേക്ക് വിശ്വാസികളുടെ പ്രവാഹം.
കണ്വെൻഷൻ പന്തലില്‍ ഇന്നലെ അഭൂതപൂർവമായ തിരക്ക് അനുഭവപ്പെട്ടു.
ആശ്രമം പള്ളി അങ്കണത്തില്‍ ഫാ. റാഫേല്‍ കോക്കാടൻ സിഎംഐ നയിക്കുന്ന ഏല് റൂഹാ ബൈബിള്‍ കണ്വെൻഷൻ ഇന്ന് സമാപിക്കും.
ഇന്ന് വൈകുന്നേരം 4.30ന് ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ചീഫ് ഫിനാൻസ് ഓഫിസർ ഫാ. വർഗീസ് കേളംപറമ്പില്‍ സിഎംഐയുടെ മുഖ്യകാർമികത്വത്തില്‍ വിശുദ്ധ കുർബാന അർപ്പിക്കും. ഫാ. ആന്റണി കാഞ്ഞിരത്തിങ്കല്‍ സിഎംഐ, ഫാ. അജിൻ ചാത്തമല സിഎംഐ എന്നിവർ സഹകാർമികരാകും.
തുടർന്ന് ഫാ. റാഫേല്‍ കോക്കാടൻ വചന പ്രഘോഷണവും ആരാധനയും നയിക്കും. ഒമ്പതിന് കണ്വെൻഷൻ സമാപിക്കും.
കണ്‍വെൻഷന്റെ നാലാം ദിവസമായ ഇന്നലെ മാന്നാനം മേരി ഇമ്മാക്കുലേറ്റ് മൈനർ സെമിനാരി റെക്ടർ ഫാ. ജൂബി മണിയങ്കേരില്‍ സിഎംഐയുടെ മുഖ്യകാർമികത്വത്തില്‍ വിശുദ്ധ കുർബാന അർപ്പിച്ചു.
ഫാ. ജോസഫ് കുഴിച്ചാലില്‍ സിഎംഐ, ഫാ. ജോണി പടിഞ്ഞാറേവീട് സിഎംഐ എന്നിവർ സഹകാർമികരായി. തുടർന്ന് ഫാ. റാഫേല്‍ കോക്കാടൻ വചനപ്രഘോഷണം നടത്തി.





