തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ സംഘടനാപരമായ തർക്കങ്ങള്‍ക്കും ആഭ്യന്തര പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനായി ഡിസംബർ പകുതിയോടെ കെപിസിസി പുനഃസംഘടനയിലേക്ക് കടക്കാൻ എഐസിസി.
മുഴുവൻ സമയ കെപിസിസി പ്രസിഡന്റിനെയും 14 ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാരെയും നിശ്ചയിക്കാനാണ് കേന്ദ്ര നേതൃത്വം ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ മുതിർന്ന നേതാക്കള്‍ക്കിടയിലുള്ള അഭിപ്രായ ഭിന്നതകളും ഗ്രൂപ്പ് പോരുകളും പാർട്ടിയുടെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കുന്നുണ്ടെന്ന വിലയിരുത്തല്‍ ഹൈക്കമാൻഡിന് മുന്നിലുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച മുന്നേറ്റത്തിനിടയിലും സംഘടനാ സംവിധാനം ദുർബലമാണെന്ന വിലയിരുത്തലാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്.
അതുകൊണ്ട് തന്നെ ഇനിയും കെപിസിസി പുനഃസംഘട വൈകിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഹൈക്കമാൻഡ്.
മന്ത്രിസഭയും പാർട്ടിയും തമ്മില്‍ ഏകോപനമില്ലെന്ന പരാതികളും ഘടകകക്ഷികളുടെ അതൃപ്തിയും യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് അടക്കമുള്ളവരുടെ വിമർശനങ്ങളും ഉയർന്ന പശ്ചാത്തലത്തിലാണ് കെപിസിസി പുനഃസംഘട വേഗത്തിലാക്കാൻ ഹൈക്കമാൻഡ് ഇടപെടുന്നത്.
നിലവില്‍ കെപിസിസി പ്രസിഡന്റ് തന്നെയാണ് വൈദ്യുതി മന്ത്രിയായി മന്ത്രിസഭയില്‍ ഉള്ളത്. ഈ സാഹചര്യത്തില്‍ അധ്യക്ഷസ്ഥാനം മാറണമെന്ന ആവശ്യം ആറുമാസം മുമ്പ് തന്നെ ഉയർന്നിരുന്നെങ്കിലും അന്തിമ തീരുമാനത്തിലെത്താൻ സാധിച്ചിരുന്നില്ല.






