കോട്ടയം: വീട് പൂട്ടി എവിടേക്കെങ്കിലും ഇറങ്ങിക്കഴിയുമ്പോള്‍ നമ്മളില്‍ പലർക്കും സ്ഥിരമായുളള സംശയമാണ് ഇസ്തിരിപ്പെട്ടി ഓഫ് ചെയ്തോ, ഫാൻ ഇട്ട് വെച്ചിരിക്കുകയാണോ എന്നൊക്കെ ഉളളത്.
തിരക്കിനിടയില്‍ സ്വിച്ചുകളൊക്കെ ഓഫ് ചെയ്തോ എന്നോ ഇലക്ട്രോണിക് ഉപകരങ്ങളുടെ പ്ലഗ് ഊരിയിട്ടോ എന്നൊന്നും പലരും ഓർക്കാറില്ല.
വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ എല്ലാ ഉപകരണങ്ങളുടെയും പ്ലഗ്ഗ് ഊരിയിടേണ്ടതില്ല. എന്നാല്‍ അനാവശ്യമായ വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാൻ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
1. ഇസ്തിരിപ്പെട്ടി
നമ്മള് സ്ഥിരമായി ഓഫ് ചെയ്യാൻ മറന്ന് പോകുന്നതിലൊന്ന് ഇസ്തിപ്പെട്ടിയാണ്. പലപ്പോഴും തുണി കത്തിപ്പോകുന്നതിന് അടക്കം ഇത് കാരണമാകാറുണ്ട്. വീട്ടില്‍ ആരും ഇല്ലെങ്കില്‍ ചിലപ്പോള്‍ വലിയ അപകടത്തിലേക്ക് വരെ ഈ അശ്രദ്ധ നയിച്ചേക്കാം. തനിയെ ഓഫ് ആകുന്ന സംവിധാനമുള്ള മോഡലുകള്‍ ആണെങ്കില്‍ പോലും അവ ശ്രദ്ധിക്കാതെ ഇട്ടിട്ടു പോകരുത്.
2. പോർട്ടബിള്‍ റൂം ഹീറ്റർ
റൂം ഹീറ്ററുകള്‍ അമിതമായി ചൂടാകാൻ സാധ്യതയുണ്ട്. കർട്ടനുകള്‍, വസ്ത്രങ്ങള്‍, കിടക്കവിരികള്‍ എന്നിവയ്ക്ക് അടുത്താണ് ഇവ വെച്ചിരിക്കുന്നതെങ്കില്‍ തീപിടുത്തത്തിന് വരെ കാരണമായേക്കാം. ആളില്ലാത്ത മുറിയില്‍ ഒരിക്കലും പോർട്ടബിള്‍ ഹീറ്ററുകള്‍ പ്രവർത്തിപ്പിച്ച് വെക്കരുത്.
3. ഫോണ്‍ ചാർജറുകള്‍
നല്ല നിലവാരമുള്ള ചാർജറുകള്‍ പ്ലഗ്ഗില്‍ കുത്തിയിടുന്നത് പൊതുവെ വലിയ അപകടമുണ്ടാക്കാറില്ല. എന്നാല്‍ കേടുപാടുകള്‍ സംഭവിച്ച കേബിളുകളും തകരാറുള്ള അഡാപ്റ്ററുകളും അങ്ങനെയല്ല. വയറുകള്‍ പൊട്ടിയിട്ടുണ്ടോ, അമിതമായി ചൂടാകുന്നുണ്ടോ, അല്ലെങ്കില്‍ പ്ലഗ്ഗ് ലൂസാണോ എന്നൊക്കെ പരിശോധിക്കുക.
4. ഇലക്ട്രിക് കെറ്റില്‍
വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് കെറ്റില്‍ ഓഫ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. മിക്ക ആധുനിക കെറ്റിലുകളും വെള്ളം തിളച്ചു കഴിയുമ്പോള്‍ തനിയെ ഓഫ് ആകാറുണ്ടെങ്കിലും കേടായ വയറുകളോ വൈദ്യുതി ബന്ധത്തിലെ തകരാറുകളോ പ്രശ്നങ്ങളുണ്ടാക്കാം.
5. എക്സ്റ്റൻഷൻ ബോർഡുകള്‍
ടിവിക്ക് പിന്നിലോ വർക്ക് ഡെസ്കിലോ വെച്ചിരിക്കുന്ന എക്സ്റ്റൻഷൻ ബോർഡില്‍ ഒരേസമയം നിരവധി ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ടാകാം. ഇതില്‍ അമിതഭാരം നല്‍കുന്നതും കേടായ ബോർഡുകള്‍ ഉപയോഗിക്കുന്നതും വൈദ്യുതി അപകടങ്ങള്‍ വർദ്ധിപ്പിക്കും. ഉപയോഗിക്കാത്ത ഉപകരണങ്ങള്‍ ഓഫ് ചെയ്യുക. ഒന്നിലധികം എക്സ്റ്റൻഷൻ ബോർഡുകള്‍ പരസ്പരം ബന്ധിപ്പിക്കുന്നത് ഒഴിവാക്കുക.






