തിരുവനന്തപുരം: വിഡി സതീശൻ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള ആദ്യ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും.
രണ്ടു മണിക്കാണ് യോഗം നടക്കുക. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും, പാര്‍ട്ടിയുടെ ഭാവി പരിപാടികളെക്കുറിച്ചുള്ള ചര്‍ച്ചയുംയോഗത്തിലുണ്ടാകാനാണ് സാധ്യത. കെപിസിസി പ്രസിഡന്റ് പദവിയിലെ അനിശ്ചിതത്വവും ബോർഡ്, കോർപറേഷൻ നിയമനങ്ങള്‍ വൈകുന്നതും നേതാക്കള്‍ ചൂണ്ടിക്കാണിക്കും.
പുതിയ കെപിസിസി പ്രസിഡൻ്റിനെ തെരഞ്ഞെടുക്കാൻ വൈകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസം രാജ്മോഹൻ ഉണ്ണിത്താൻ എം പി രംഗത്തെത്തിയിരുന്നു. തീരുമാനം വൈകുന്നതില്‍ നിഗൂഡതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഐക്യ ജനാധിപത്യ മുന്നണിയിലേക്ക് സിപിഐയെ കൊണ്ട് വരണമെന്നും അത് മുന്നണിക്ക് ഗുണകരമാകുമെന്നും ഉണ്ണിത്താൻ പറയുന്നു. കേരളത്തിലെ കോണ്‍ഗ്രസിന് നാഥനില്ലാത്ത അവസ്ഥയാണ്. കെപിസിസിക്ക് അടിയുറച്ച നേതൃത്വം വരണം. ഡിസിസി പ്രസിഡൻ്റുമാരെ തെരഞ്ഞെടുത്തിട്ട് അഞ്ചുവർഷം കഴിഞ്ഞു. ജില്ലകളിലും പുതിയ നേതൃത്വം വരണം. ജാതി സമവാക്യങ്ങള്‍ നോക്കി കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് അധാർമികതയാണ്. അതുകൊണ്ട് ഒരു ഗുണവും കോണ്‍ഗ്രസിന് കിട്ടാൻ പോകുന്നില്ല. സിപിഐയെ ഐക്യ ജനാധിപത്യ മുന്നണിയിലേക്ക് കൊണ്ടുവരണമെന്നും അത് മുന്നണിക്ക് ഗുണകരമാകുമെന്നും ഉണ്ണിത്താൻ പറഞ്ഞു.






