കോട്ടയം: ഓണവിപണിയിൽ പൂക്കളും പച്ചക്കറികളും ഓണസദ്യയും ഒരുക്കി കുടുംബശ്രീ നേടിയത് 2.33 കോടി.
തിരുനക്കര ഉൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കുടുംബശ്രീയുടെ നേതൃത്വത്തിൽ 154 ഓണം മേളകളാണ് സംഘടിപ്പിച്ചത്.
മേളകളിലൂടെ മാത്രം 1.47 കോടി രൂപയുടെ വിറ്റുവരവാണ് നേടിയത്. ഓണസദ്യയ്ക്കായി 10,403 പേർ ഓർഡർ നൽകിയതിലൂടെ 24.40 ലക്ഷം രൂപയുടെ വരുമാനം ലഭിച്ചു. ഓണക്കിറ്റും ഓണസദ്യയും കഴിഞ്ഞ രണ്ടു വർഷമായി കുടുംബശ്രീയുടെ ഓണക്കാല പ്രവർത്തനങ്ങളുടെ ഭാഗമാണ്.
കുടുംബശ്രീ വനിതകളുടെ അധ്വാനത്തിന് ഇത്തവണ കൂടുതൽ നിറം പകർന്നത് പൂക്കൃഷിയാണ്. പൂക്കൃഷിയിലൂടെ മാത്രം 9.32 ലക്ഷം രൂപയുടെ വരുമാനം നേടി.
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കിയ നിറപ്പൊലിമ പദ്ധതിയുടെ ഭാഗമായി 4,028.5 കിലോഗ്രാം പൂക്കളാണ് വിപണിയിലെത്തിച്ചത്.
തമിഴ്നാട്ടിൽ നിന്നുള്ള പൂക്കളെ ആശ്രയിച്ചിരുന്ന ഓണവിപണിയിലേക്ക് നാടൻ പൂക്കൾ ന്യായമായ വിലയിൽ എത്തിയതോടെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ചെണ്ടുമല്ലിക്കായിരുന്നു പൂക്കൃഷിയിലെ പ്രധാന ഇനം.
ഓണസദ്യയ്ക്കാവശ്യമായ പച്ചക്കറികളും കുടുംബശ്രീയുടെ കൃഷിയിടങ്ങളിൽ നിന്ന് നേരിട്ട് വിപണിയിലെത്തി. ഓണക്കനി പദ്ധതിയുടെ ഭാഗമായി 54,400 കിലോഗ്രാം പച്ചക്കറികളാണ് ഓണവിപണിയിലെത്തിച്ചത്. പച്ചക്കറി വിൽപ്പനയിലൂടെ മാത്രം 33.16 ലക്ഷം രൂപയുടെ വരുമാനമാണ് ലഭിച്ചത്.






