പാലക്കാട് : കൊഴിഞ്ഞാമ്പാറയിൽ രണ്ടു കുഞ്ഞുങ്ങളെ അമ്മ വാട്ടർടാങ്കിൽ മുക്കിക്കൊന്ന കേസിൽ ഒരാൾക്കു കൂടി പങ്കെന്ന് സൂചന. അമ്മയുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് സൂചന ലഭിച്ചത്. സംഭവത്തിൽ കൂടുതൽ തെളിവുകൾ ആവശ്യമെന്ന് പൊലീസ് പറഞ്ഞു. അഞ്ചും മൂന്നും വയസുള്ള കുട്ടികളെ കുളിമുറിയിലെ ടാങ്കിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
കൊഴിഞ്ഞാമ്പാറ സ്വദേശിയായ ജോൺ കുമാറിന്റെ മക്കളായ അഞ്ച് വയസ്സുകാരി ജനിഫർ ജൂലിയറ്റും 3 വയസ്സുകാരൻ റോബിൻ ക്രിസ്റ്റഫറുമാണ് കൊല്ലപ്പെട്ടത്. ആ സമയത്ത് അമ്മ നിവേദ്യയും കുട്ടികളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ കുട്ടികളുടെ അമ്മ നിവേദ്യ കുറ്റം സമ്മതിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബർ 29ന് രാവിലെ പത്തരയോടെയാണ് വാടകവീട്ടിലെ കുളിമുറിയിലെ വെള്ളം നിറച്ച സിമന്റ് ടാങ്കിൽ കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം കുട്ടികൾ വെള്ളത്തിൽ വീണ് മുങ്ങിമരിച്ചതാണെന്നായിരുന്നു നിഗമനം. എന്നാൽ അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.






