കോഴിക്കോട്: സൗത്ത് ബീച്ചിലെ പെട്രോള്‍ പമ്പിന് സമീപം ആക്രിക്കടയില്‍ ഉണ്ടായ തീപിടിത്തം അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടലില്‍ വൻദുരന്തമായി മാറാതെ ഒഴിവായി.
ശനിയാഴ്ച രാത്രി പത്തോടെയാണ് സൗത്ത് ബീച്ചിലെ പെട്രോള്‍ പമ്പിന് സമീപത്തുള്ള ആക്രിക്കടയില്‍ വൻ തീപ്പിടിത്തമുണ്ടായത്.
പി. സിദ്ദിഖ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ആക്രിക്കടയ്ക്ക് പുറകില്‍ ബീച്ചില്‍ മാലിന്യം കൂട്ടിയിട്ടിരുന്ന ഭാഗത്താണ് പെട്ടെന്ന് തീ പടർന്നുപിടിച്ചത്. കൂട്ടിയിട്ട മാലിന്യത്തില്‍ പ്ലാസ്റ്റിക്കുകള്‍ കൂടുതലുണ്ടായിരുന്നത് തീ പടരുന്നതിന് കാരണമായി. വലിയ സ്ഫോടനശബ്ദത്തോടെയാണ് തീ പടർന്നുപിടിച്ചതെന്ന് പ്രദേശത്തുള്ളവർ പറഞ്ഞു.
നാട്ടുകാർ തീയണയ്ക്കാൻ ശ്രമിക്കുന്നതിനൊപ്പം അഗ്നിരക്ഷാ സേനയ്ക്ക് വിവരം നല്‍കുകയും ചെയ്തു. പെട്രോള്‍ പമ്പ് തൊട്ടടുത്തുള്ളതും രാത്രിയില്‍ ഭക്ഷണം കഴിക്കാനും മറ്റുമായി പ്രദേശത്ത് ധാരാളം ആളുകള്‍ ഉണ്ടായിരുന്നതും ആശങ്കയ്ക്ക് ഇടയാക്കി.
എന്നാല്‍ ഉടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയുടെയും പോലീസിന്റെയും ഇടപെടല്‍ മൂലം തീ തൊട്ടടുത്തുള്ള പെട്രോള്‍ പമ്പിലേക്ക് പടരാതെ തടയാനായി.
പ്രദേശത്ത് അധികം ഗതാഗതതടസ്സവും ഉണ്ടായില്ല. മീഞ്ചന്ത അഗ്നിരക്ഷാനിലയത്തില്നിന്നും ബീച്ച് അഗ്നിരക്ഷാ നിലയത്തില്നിന്നുമായി രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പതിനൊന്ന് മണിയോടെ തീ പൂർണമായും അണയ്ക്കാൻ സാധിച്ചു.
തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മഴ പെയ്ത് മിനിറ്റുകള്‍ക്കുശേഷം എങ്ങനെയാണ് ഇത്തരമൊരു തീപിടിത്തമുണ്ടായതെന്നതിനെ കുറിച്ചും വ്യക്തതയില്ല. ഷെഡില്‍ ആരുമില്ലാതിരുന്നതിനാല്‍ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് അറിയിച്ചു.






