കൊച്ചി : രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചന നല്കി അഖില്‍ മാരാര്‍. തന്റെ ശബ്ദം തനിക്ക് വേണ്ടി മാത്രമായി ഒതുക്കി സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കും എന്ന അഖില്‍ മാരാറുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സാബു ജേക്കബുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ട്വന്റി 20 വിട്ടതിന് പിന്നാലെയാണിത്. അവനവനു വേണ്ടിയല്ലാതെ അപരന് വേണ്ടി സംസാരിച്ചു ശത്രുക്കളെ ഉണ്ടാക്കിയ ആളാണ് താന്‍. ദിവസേന പല പ്രശ്നങ്ങള്‍ പറഞ്ഞ് എന്നെ വിളിക്കുന്ന കൊട്ടാരക്കരയിലെ നാട്ടുകാര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത മാത്രമാണ് അവിടെ മത്സരിക്കണം എന്ന് ചിന്തിപ്പിച്ചത്. ആ ചിന്ത പൂര്‍ണ്ണമായും ഉപേക്ഷിക്കുകയാണ് എന്നും അഖില്‍ മാരാര്‍ പറഞ്ഞു.
'വേടന്റെ രാമനെ കുറിച്ചുള്ള പ്രസ്താവനയെ എതിര്‍ത്തതോടെ ദളിത് സമൂഹം അനാവശ്യമായി എന്റെ ശത്രുവായി. എന്‍എസ്എസിനെ എതിര്‍ത്ത് കെപിഎംഎസിന് വേണ്ടി സംസാരിച്ചതായിരുന്നു കോണ്‍ഗ്രസ്സില്‍ ഉള്ള കാലം എനിക്ക് പുറത്ത് പോകേണ്ടി വന്ന കാരണങ്ങളുടെ തുടക്കം. പിണറായി വിജയന് എന്ന മുഖ്യമന്ത്രിയുടെ പല തീരുമാനങ്ങളും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു എന്ന് കണ്ടപ്പോള്‍ മുഖ്യമന്ത്രിയെ ശക്തമായി എതിര്‍ത്തു. അതിന്റെ പേരില്‍ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ശത്രു ആയി', എന്നും അഖില്‍ മാരാര്‍ കുറിച്ചു.






