കോഴിക്കോട് : നാദാപുരത്ത് രണ്ട് പേരെ പുലി ആക്രമിച്ചെന്ന് നാട്ടുകാർ. യുവാവിനും വീട്ടമ്മയ്ക്കുമാണ് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. പുലി റോഡിലൂടെ പോകുന്ന ദൃശ്യങ്ങള്‍ നാട്ടുകാർ ഫോണില്‍ പകർത്തുകയും ചെയ്തിട്ടുണ്ട്.
നാദാപുരം ടൗണിനോട് ചേർന്നുള്ള കുമ്മൻകോട് ബദ്രിയ ജുമാ മസ്ജിദിന് സമീപം ജനവാസമേഖലയിലാണ് പുലി ഇറങ്ങിയതായി നാട്ടുകാർ പറയുന്നത്. പ്രദേശവാസിയായ ഫിനാൻ എന്നയാളെയും വീട്ടമ്മയെയും തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫിനാന്റെ നെഞ്ചില്‍ പുലി മാന്തിയതായാണ് വിവരം. വീട്ടമ്മയ്ക്ക് മുഖത്താണ് പരിക്കേറ്റത്. വനത്തോട് ചേർന്നുകിടക്കുന്ന സ്ഥലമാണ് ഇവിടം.
പുലി റോഡ് മുറിച്ചുകടക്കുന്നതിന്റെ ദൃശ്യങ്ങളും ഫോട്ടോകളും നാട്ടുകാർ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, ഇതേസംബന്ധിച്ച് വനംവകുപ്പിന്റെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതേവരെയും പുറത്തുവന്നിട്ടില്ല. കുറ്റ്യാടി ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.






