തിരുവനന്തപുരം: തിരുവനന്തപുരം കോവളത്ത് ആന്ധ്രാ സ്വദേശിയായ 16കാരി സ്പായില്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.
കുട്ടിയെ പണം കൊടുത്ത് കൈമാറിയ ഇളയമ്മ തന്നെയാണ് കാണാനില്ലെന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കിയത്. കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞതിന് പിന്നാലെ ഇവർ മുങ്ങി. മലയാളിയായ ജീവനക്കാരനാണ് ഇതരസംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടിയെ രക്ഷിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ട് പോയത് ഈ സ്പായില്‍ ജോലി ചെയ്തിരുന്ന നെയ്യാർ സ്വദേശിയാണ്.
സ്പാ കേസില്‍ പ്രതിപട്ടിക നീളും
ചെന്നൈയിലും പെണ്‍കുട്ടി പീഡനത്തിന് ഇരയായി എന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ കുട്ടികാലത്തേ അച്ഛനും അമ്മയും മരിച്ച് പോയി. പിന്നീട് മാതൃസഹോദരിയുടെ സംരക്ഷണയിലായിരുന്നു പെണ്‍കുട്ടി. കേസില്‍ ആന്ധ്രയില്‍ നിന്ന് പിടിയിലായ പെണ്‍കുട്ടിയുടെ ഇളയമ്മ, ഭർത്താവ് എന്നിവരെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. നാഗലക്ഷി, ഗോപി എന്നിവരും രണ്ട് സ്പാ ഉടമകളുമാണ് നിലവില്‍ അറസ്റ്റിലായത്. ബിനാമി ഇടപാട് ആണെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം നഗര സഭയിലെ ഒരു ഹെല്‍ത് ഇൻസ്പെക്ടരുടെ പങ്കിനെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബിനാമിയെന്ന് സംശയിക്കുന്ന ഹെല്‍ത്ത് ഇൻസ്പെക്ടറുടെ അക്കൗണ്ടുകളിലേക്കാണ് ഈ സ്പാകളില്‍ നിന്ന് പണം പോയിരുന്നത് എന്നാണ് വിവരം. ഇയാള്‍ അറസ്റ്റിലായ പ്രതി നിഷാന്തിന്റെ അടുത്ത സുഹൃത്തും കോവളം സ്പായിലെ നിത്യ സന്ദർശകനുമാണ്. കേസന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. അന്വേഷണ സംഘത്തില്‍ സൈബർ വിദഗ്ധരും ഉള്‍പ്പെടുന്നു. പെണ്‍കുട്ടിയെ ഉപദ്രവിച്ചവരുടെ തിരിച്ചറിയല്‍ പാരേഡ് നടത്തും.






