കറുകച്ചാൽ: ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ അയൽവാസിയുടെ വീട് തീവച്ചു നശിപ്പിച്ച കേസിൽ അറസ്റ്റിലായ പത്തനാട് കിഴക്കേമുറിയിൽ സൂരജ് വി.നായരെ (37) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തീ കത്തിച്ചതിൽ 5 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. പ്രതിയുടെ സുഹൃത്ത് കൊടപ്പനക്കുന്നേൽ ഹരികൃഷ്ണന്റെ വീടാണ് തീവച്ചു നശിപ്പിച്ചത്.
ഫർണിച്ചർ, ടി വി തുടങ്ങിയ ഉപകരണങ്ങൾ കത്തി നശിച്ചു. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം.
സംഭവം നടക്കുമ്പോൾ ഹരികൃഷ്ണൻ വീട്ടിൽ ഇല്ലായിരുന്നു. അച്ഛൻ രാധാകൃഷ്ണനെ തള്ളിയിട്ട ശേഷമാണ് വീടിനുള്ളിൽ കയറി തീവച്ചത്. പിന്നീട് നാട്ടുകാർ ഓടിക്കൂടിയാണ് തീയണച്ചത്.
പ്രതിയെ ഇന്നലെ രാത്രി തന്നെ കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി സൂരജ് നിരവധി കേസുകളിൽ പ്രതിയാണ്. കാപ്പ നടപടി നേരിടുന്നയാളാണ്.
കറുകച്ചാൽ ഇൻസ്പെക്ടർ എസ്എച്ച് ഒ രാജേഷ് എസ്, എസ്.ഐ ജയകൃഷ്ണൻ ടി.എസ്., എസ്.ഐ ജോൺസൻ, സീനിയർ സി പിഒ ജിബിൻ ലോബോ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.






