കോട്ടയം: കോട്ടയത്ത് ഭർതൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. പെരുമ്പാവൂർ സ്വദേശിയായ ആര്യ (18) യെയാണ് ഭർതൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്ത്രീധനത്തിന്റെ പേരില്‍ ഭർതൃമാതാവും അവരുടെ അമ്മയും ആര്യയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. മരിച്ച ആര്യയുടെ മുഖത്ത് മർദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നതായും ബന്ധുക്കള്‍ വെളിപ്പെടുത്തി. കൂടാതെ, യുവതിയുടെ സംസ്കാര ചടങ്ങുകളില്‍ ഭർതൃമാതാവും അമ്മയും പങ്കെടുക്കാതിരുന്നതും സംശയം വർധിപ്പിക്കുന്നു.
അതേസമയം, സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാല്‍, ഭർത്താവ് ദീപക് ബാബുവിന്റെ അമിത മദ്യപാനമാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കുടുംബത്തിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പോലീസിന്റെ തുടർ അന്വേഷണം നടന്നു വരികയാണ്.






