കാസർകോട് : കാസർകോട് കാലിക്കടവ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതികളായ എംഡിഎംഎ കേസിൽ നാല് പ്രതികളേയും മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പെരുമ്പാവൂർ സ്വദേശികളായ കെഎച്ച് മുഹമ്മദ് ഹുസൈൻ, പിഎ അബ്ദുൽ സലാം, പിഎ അബ്ബാസ്, ഇവർക്ക് മയക്കുമരുന്ന് എത്തിച്ച് നൽകിയ സൈനുൽ ആബിദ് എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്.
അതേസമയം തങ്ങളെ പെടുത്തിയതാണെന്നും ദുരൂഹതയുണ്ടെന്നുമാണ് പ്രതികൾ പറയുന്നത്. കാസർകോട് ജില്ലാ കോടതിയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തത് മറ്റൊരു വക്കീൽ ആണെങ്കിലും ഇന്ന് കോടതിയിൽ ഹാജരായത് കാസർകോട് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് അഡ്വ. ഷാജിദ് കമ്മാടമാണ്.
കേസിന് പിന്നാലെ പ്രതികളായവരെ യൂത്ത് കോൺഗ്രസിൽ നിന്ന് പുറത്താക്കുകയും പ്രതികൾക്ക് യാതൊരു സഹായവും നൽകില്ലെന്ന് കോൺഗ്രസ് നേതൃത്വവും വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് കോൺഗ്രസ് നേതാവ് പ്രതികൾക്കായി കോടതിയിൽ ഹാജരായത്. പ്രതികളുമായി ഒരു ബന്ധവും ഇല്ലെന്നും വക്കാലത്തെടുത്ത അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇന്ന് മാത്രം ഹാജരായതാണെന്നുമാണ് അഡ്വ ഷാജിദ് കമ്മാടത്തിൻ്റെ വിശദീകരണം.






