കൊല്ലം: നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ വനിതാ സി.പി.ഒയെ കൊച്ചി സിറ്റിയിലേക്ക് മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തടഞ്ഞു. സ്ഥലമാറ്റ ഉത്തരവിനെ ചോദ്യം ചെയ്ത് വനിതാ സി.പി.ഒ സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടാണ് ട്രൈബ്യൂണൽ നിലവിലുള്ള നീണ്ടകര സ്റ്റേഷനിൽ തന്നെ തുടരാൻ ഉത്തരവിട്ടത്.
ലൈംഗികാതിക്രമ പരാതിക്ക് പിന്നാലെ പ്രതികാര നടപടി
2025 നവംബർ 6-ന് നീണ്ടകര തീരദേശ പോലീസ് സ്റ്റേഷനിൽ വെച്ച് സീനിയർ സി.പി.ഒ ആയിരുന്ന എം. നവാസ് തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് കാണിച്ച് വനിതാ സി.പി.ഒ ഔദ്യോഗികമായി പരാതി നൽകിയിരുന്നു. എന്നാൽ കേസ് നടപടികൾ പുരോഗമിക്കുന്നതിനിടെ, പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഷനിൽ നിന്നും സർവീസിൽ തിരിച്ചെടുക്കുകയും അയാളുടെ സ്വന്തം ജില്ലയായ ആലപ്പുഴയിൽ നിയമിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പരാതിക്കാരിയായ വനിതാ ഉദ്യോഗസ്ഥയെ ദൂരസ്ഥലമായ കൊച്ചിയിലേക്ക് മാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയത്.
ഇത് പ്രതികാര നടപടിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് വനിതാ ഉദ്യോഗസ്ഥ ട്രൈബ്യൂണലിനെ സമീപിച്ചത്. ഹർജിക്കാരിക്ക് വേണ്ടി അഡ്വ. എം.സി. സിനി ട്രൈബ്യൂണലിൽ ഹാജരായി വാദിച്ചു. കേസ് അട്ടിമറിക്കാനും പരാതിക്കാരിയെ ബുദ്ധിമുട്ടിക്കാനും ശ്രമിക്കുന്ന ഉദ്യോഗസ്ഥ നീക്കങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ട്രൈബ്യൂണലിന്റെ ഈ പുതിയ ഉത്തരവ്






