കോട്ടയം: 2025ലെ പൊതു സേവനാവകാശ നിയമം എം.ജി സർവകലാശാലയില്‍ നടപ്പാക്കി. സംസ്ഥാനത്ത് സേവനാവകാശ നിയമം നടപ്പാക്കുന്ന ആദ്യ സർവകലാശാലകൂടിയാണ് എം.ജി.
സേവനങ്ങള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ വിദ്യാർഥികള്‍ക്ക് ലഭ്യമാക്കാനാണ് നിയമം നടപ്പാക്കിയത്. ഇതുവഴി സേവനങ്ങള്‍ സുതാര്യവും കൂടുതല്‍ ജനകീയവും വിദ്യാർഥിസൗഹൃദവുമായി മാറും.
വിദ്യാർഥികള്‍ക്ക് വളരെവേഗം സർട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുക, വിദേശ രാജ്യങ്ങളില്‍ ഉപരിപഠനത്തിനും മറ്റും പോകുന്ന വിദ്യാർഥികള്‍ക്ക് മെച്ചപ്പെട്ട സേവനവും പിന്തുണയും നല്‍കുക എന്നിവയും ഇതിൻറെ ഭാഗമാണ്.
സർവകലാശാലയില്‍നിന്ന് വിദ്യാർഥികള്‍ക്ക് ലഭിക്കേണ്ട സേവനങ്ങളുടെ സമയപരിധി ഉള്‍പ്പെടുത്തിയ ഉത്തരവും അധികൃതർ പുറത്തിറക്കി. സർവകലാശാല നല്കുന്ന പൊതുസേവനങ്ങള്‍, പ്രത്യേക പൊതുസേവനങ്ങള്‍, നിശ്ചിത സമയപരിധി, ആവശ്യമായ രേഖകള്‍, നിയുക്ത ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീല്‍ അധികാരി, രണ്ടാം അപ്പീല്‍ അധികാരി എന്നിവയുടെ പട്ടിക ഉത്തരവിലുണ്ട്. ഈ പട്ടിക പ്രകാരം അർഹതയുള്ള അപേക്ഷകന് നിശ്ചിത സമയപരിധിക്കുള്ളില്‍ സർവകലാശാല സേവനം ലഭിക്കുമെന്ന് വി.സി. പ്രഫ. ഡി. മാവൂതു, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ജോബിൻ ജോസ് ചാമക്കാല, ഡോ. തോമസ് കുരുവിള എന്നിവർ പറഞ്ഞു.






