കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒ.പി വിഭാഗത്തിലേക്കുള്ള ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായിട്ട് ആറു ദിവസം. കാലപ്പഴക്കമാണ് തകരാറിന് കാരണമെന്നാണ് വിവരം. വിവിധ ഒ.പി വിഭാഗങ്ങളിലേക്കെത്തുന്ന രോഗികളും ആശുപത്രി ജീവനക്കാരുമാണ് ഇതോടെ ദുരിതത്തിലായത്.
നടക്കാൻ ബുദ്ധിമുട്ട് ഉള്ളവർ ഉൾപ്പെടെ ചികിത്സ തേടി ആശുപത്രിയിലെത്തുന്നവര്‍ക്ക് ലിഫ്റ്റ് ഒരു ആശ്വാസം ആയിരുന്നു. ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായതോടെ രോഗികളും ജീവനക്കാരും ഉൾപ്പെടെസ്റ്റെപ് കയറി കഷ്ട്ടപെടുകയാണ്.
മെഡിസിന്, നെഫ്രോളജി, പ്ലാസ്റ്റിക് സര്‍ജറി, ത്വക്ക് രോഗം തുടങ്ങിയ പ്രധാന ഒ.പി. വിഭാഗങ്ങളിലേക്ക് ദിവസേന നിരവധി രോഗികളാണ് എത്തുന്നത്.
പ്രായമായവര്‍, നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍, ശാരീരിക അവശതകളുള്ളവര്‍ എന്നിവരാണ് ലിഫ്റ്റ് തകരാറിലായതോടെ കൂടുതല്‍ പ്രയാസം നേരിടുന്നത്.
രോഗികള്‍ക്കൊപ്പം കൂട്ടിരിപ്പുകാരും പടികള്‍ കയറിയിറങ്ങേണ്ട സ്ഥിതിയാണ്.ഒ.പി വിഭാഗങ്ങളിലേക്ക് മാത്രമല്ല, വിവിധ വാര്‍ഡുകളിലേക്കും ആശുപത്രി ജീവനക്കാര്‍ സഞ്ചരിക്കുന്നത് ഈ ലിഫ്റ്റ് വഴിയാണ്. അതിനാല്‍, രോഗികള്‍ക്കു പുറമെ ജീവനക്കാരുടെ ദൈനംദിന പ്രവര്‍ത്തനത്തെയും തകരാര്‍ ബാധിക്കുന്നു.
ഏതാനും മാസം മുമ്പും ലിഫ്റ്റ് ദീര്‍ഘനാള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനം പുനസ്ഥാപിച്ചെങ്കിലും വീണ്ടും തകരാറിലായി. താല്‍ക്കാലികമായി ലിഫ്റ്റ് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് പകരം കാലപ്പഴക്കം ചെന്ന സംവിധാനത്തിന്റെ സുരക്ഷയും കാര്യക്ഷമതയും പരിശോധിക്കണമെന്നാണ് ആവശ്യം. ലിഫ്റ്റ് വേഗം പ്രവര്‍ത്തന സജ്ജമാക്കണമെന്നാണ് രോഗികളുടെയും ജീവനക്കാരുടെ ആവശ്യം.






