കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ അഞ്ച് വർഷമായി ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുടെ പ്രവർത്തനം പൂർണമായും അവതാളത്തില്‍.
വിവിധ ജില്ലകളില്‍ നിന്നായി പ്രതിദിനം ആയിരക്കണക്കിന് പാവപ്പെട്ട രോഗികളാണ് ചികിത്സയ്ക്കായി ഇവിടെയെത്തുന്നത്. എന്നാല്‍, ഇൻഷുറൻസ് ആനുകൂല്യങ്ങള്‍ കൃത്യമായി ലഭിക്കാത്തത് രോഗികളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കും ദുരിതത്തിലേക്കുമാണ് തള്ളിയിടുന്നത്.
ഇൻഷുറൻസ് രേഖകളുമായി ആശുപത്രി വളപ്പിലെ മെഡിക്കല്‍ ഷോപ്പുകള്‍ക്ക് മുന്നില്‍ മണിക്കൂറുകളോളം ക്യൂ നില്ക്കുന്ന രോഗികള്‍ക്ക്, കൗണ്ടറിലെത്തുമ്പോള്‍ "മരുന്നുകളില്ല" എന്ന മറുപടിയാണ് ലഭിക്കുന്നത്. ഇതോടെ വൻ തുക സ്വന്തം കയ്യില്‍ നിന്ന് മുടക്കി പുറത്തുനിന്നും മരുന്നുകള്‍ വാങ്ങേണ്ട ഗതികേടിലാണ് രോഗികൾ.






