കോട്ടയം: കോട്ടയം ജില്ലാ ഹോമിയോപ്പതി വകുപ്പ് സ്റ്റാഫ് കൗൺസിൽ യാത്രയയപ്പ് സമ്മേളനവും "ഒരുമിച്ചോണം 2026' എന്ന പേരിൽ ഓണാഘോഷവും വിപുലമായി നടത്തി.
ബേക്കർ മെമ്മോറിയൽ എൽ പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലാ മെഡിക്കൽ ഓഫീസർ(ഹോമിയോ) ഡോ.കെ എസ് മിനി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഡോ.സ്മിത പീതാംബരൻ അധ്യക്ഷയായി. നാഷണൽ ആയുഷ് മിഷൻ കോട്ടയം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ജുവൽ ജോസ് മുഖ്യപ്രഭാഷണം നടത്തി.
സമ്മേളനത്തിൽ സർവീസിൽ നിന്നും വിരമിച്ച ഡോ.സീറ്റ ഫിലിപ്പ് (സിഎംഒ, ജിഎച്ച്എച്ച്, കുറിച്ചി), മേരിയമ്മ കുര്യാക്കോസ് (ലേ സെക്രട്ടറി, ജിഎച്ച്എച്ച്, കുറിച്ചി), ചേച്ചമ്മ ചാക്കോ (പിടിഎസ്, പുതുപ്പള്ളി, ജിഎച്ച്ഡി), കെ പി സുധ (എസ്സിപി, കുടക്കച്ചിറ ജിഎച്ച്ഡി ) എന്നിവർക്ക് യാത്രയയപ്പ് നൽകി.
ജില്ലാ സെക്രട്ടറി കണ്ണൻ ആൻഡ്രൂസ്, ട്രഷറർ സി ഡി ശ്രീകുമാർ, പാല ജിഎച്ച്എച്ച് സൂപ്രണ്ട് ഡോ.സാജൻ, സ്റ്റാഫ് കൗൺസിൽ ജോ.സെക്രട്ടറി പി പി ബിജു, വൈസ്. പ്രസിഡന്റ് എം രാജശ്രീ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡോ.അഭിരാജ്, രജീഷ് എബ്രഹാം എന്നിവർ സംസാരിച്ചു.
അകാലത്തിൽ വിട പറഞ്ഞ ഫാർമസിസ്റ്റ് ദീപു സെബാസ്റ്റ്യനെ യോഗം അനുസ്മരിച്ചു. ജില്ലയിൽ നടന്ന അത്തപ്പൂക്കള മത്സരവിജയികൾക്കുള്ള സമ്മാനദാനവും തുടർന്ന് ജീവനക്കാരുടെ കലാപരിപാടികളും, കലാമത്സരങ്ങളും നടന്നു.






