കോട്ടയം: അടിപിടിക്കേസിൽ അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ കേസിൽ രണ്ട് യുവാക്കൾക്ക് അഞ്ച് വർഷം കഠിനതടവ്.
പെരുമ്പായിക്കാട് ഒറ്റപ്ലാക്കൽ ശ്രീദേവ് മോഹൻ (24), അയ്മനം ശ്രീനവമി നിതിൻ പ്രകാശ് (27) എന്നിവരെയാണ് ജില്ലാ സെഷൻസ് കോടതി (5) അഞ്ച് വർഷം കഠിനതടവിന് ശിക്ഷിച്ചത്. ജില്ലാ സെഷൻസ് കോടതി (5) ജഡ്ജി ഹരി ആർ. ചന്ദ്രനാണ് ശിക്ഷ വിധിച്ചത്. 2024 ഓഗസ്റ്റ് 23നാണ് കേസിനാസ്പദമായ സംഭവം.
കോട്ടയത്തെ ഒരു ബാങ്കിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന്റെ കാറിന് സമീപമാണ് പ്രതികൾ എത്തിയത്. പെട്രോൾ നിറച്ച കുപ്പിയുമായെത്തിയ ഇരുവരും കാറിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും മജിസ്ട്രേട്ടിനെ അസഭ്യം പറയുകയും ചെയ്തെന്നാണ് കേസ്.
അടിപിടിക്കേസിൽ തങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചായിരുന്നു പ്രതികളുടെ ഭീഷണി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സജി എസ്. നായർ, സിറിൽ തോമസ് പാറപ്പുറം, ധനുഷ് ബാബു എന്നിവർ ഹാജരായി.






