കോട്ടയം: പണവും സ്വാധീനവും ഉണ്ടെങ്കിൽ എന്ത് തെമ്മാടിത്തരവും കാണിക്കാമെന്നും പൊതുജനങ്ങളുടെ കുടിവെള്ളത്തിലേക്ക് സെപ്റ്റിക് ടാങ്ക് മാലിന്യം ഒഴുക്കാമെന്നും തൻ്റെ സ്വാധീനത്തിന് മുൻപിൻ ആരും ചോദിക്കാൻ വരില്ലെന്നുമുള്ള കണ്ടത്തിൽ ലോഡ്ജ് മുതലാളിയുടെ അഹങ്കാരം നിയമത്തിന് മുൻപിൽ മുട്ടുമടക്കി .
വർഷങ്ങളായി പൊതുഓടയിലേക്ക് സെപ്റ്റിക് ടാങ്ക് മാലിന്യമടക്കമുള്ളവ ഒഴുക്കിയിരുന്ന തിരുനക്കരയിലെ കണ്ടത്തിൽ ലോഡ്ജിന് 15000/- രൂപ പിഴ ചുമത്തി കോട്ടയം നഗരസഭ. പിന്നാലെ ഓടയിലേക്ക് മലിനജലം ഒഴുക്കുന്നത് നിർത്തിവെച്ചു. മാലിന്യം ഒഴുക്കുന്നതിനായി സ്ഥാപിച്ചിരുന്ന വലിയ 2 പിവിസി പൈപ്പുകൾ ഓടയിൽ നിന്നും മുറിച്ച് കെട്ടിടത്തിനകത്ത് സ്ഥാപിച്ച ടാങ്കിലേക്ക് മാറ്റി. ഇതോടെ ഓടയിലേക്ക് മാലിന്യം ഒഴുക്കുന്നത് നിന്നു.
കണ്ടത്തിൽ ഗ്രൂപ്പിൻ്റെ തിരുനക്കര ക്ഷേത്രത്തിന് പുറകിലെ ലോഡ്ജും ഷോപ്പിംഗ് കോംപ്ലക്സും ഉൾപ്പെടുന്ന കെട്ടിടത്തിലാണ് ഇത്തരത്തിൽ പൊതു ഓടയിലേക്ക് മാലിന്യം ഒഴുക്കിവിടുന്ന ശുദ്ധ തെമ്മാടിത്തരം കാണിച്ചിരുന്നത്.
സംഭവം ശ്രദ്ധയിൽ പെട്ടതിനേ തുടർന്ന് തേർഡ് ഐ ന്യൂസ് നഗരസഭയ്ക്ക് പരാതി നൽകിയിരുന്നു. സ്ഥലത്ത് പരിശോധന നടത്തിയ നഗരസഭാ ആരോഗ്യ വിഭാഗം പരാതിയിലെ ആരോപണം ശരിവെക്കുകയും ലോഡ്ജ് ഉടമയ്ക്ക് നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
പിന്നാലെ പൂജാ അവധി ദിവസം തേർഡ് ഐ ന്യൂസിൻ്റെയും നഗരസഭാ അധികൃതരുടേയും ശ്രദ്ധയിൽ പെടില്ലെന്ന് കരുതി കെട്ടിടത്തിന് മുൻപിൽ റോഡിനോട് ചേർന്ന് കുഴിയെടുത്ത് മാലിന്യ പൈപ്പ് മാറ്റിസ്ഥാപിക്കാൻ ശ്രമം നടത്തിയിരുന്നു.
ഇതിനായി ജെസിബി എത്തിച്ച് വലിയ കുഴിയും ഉണ്ടാക്കി. സംഭവം ശ്രദ്ധയിൽ പെട്ടതിനേ തുടർന്ന് തേർഡ് ഐ ന്യൂസ് അധികൃതർ വിവരം നഗരസഭാ സെക്രട്ടറിയെ അറിയിച്ചു. തുടർന്ന് എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെത്തി അനധികൃത നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകി. ഒടുവിൽ നിർമ്മാണത്തിനായി കൊണ്ടുവന്ന കോൺക്രീറ്റ് റെഡിമിക്സ് ഇട്ട് കുത്തിയ കുഴി മൂടേണ്ട ഗതികേടും ഉണ്ടായി.
ഇതിന് സമാനമായ രീതിയിലാണ് ശാസ്ത്രി റോഡിലെ കണ്ടത്തിൽ ലോഡ്ജിൽ നിന്നും സെപ്റ്റിക് ടാങ്ക് മാലിന്യമടക്കമുള്ളവ ഓടവഴി മീനച്ചിലാറ്റിലേക്ക് ഒഴുക്കുന്നത്. തേർഡ് ഐ ന്യൂസിൻ്റെ പരാതിയേ തുടർന്ന് ശാസ്ത്രി റോഡിലെ ലോഡ്ജിനും നഗരസഭ നോട്ടീസ് നൽകിയിട്ടുണ്ട്.






