കോട്ടയം: കനത്ത മഴയെ തുടർന്ന് കോട്ടയം ജില്ലയിലെ ആറുകളിലും തോടുകളിലും ജലനിരപ്പ് ഉയരുന്നു. നിരവധി മേഖലകള്‍ ഒറ്റപ്പെട്ടു കിടക്കുന്ന അവസ്ഥയാണുള്ളത്.
പാലാ ടൗണിൽ വെള്ളത്തില്‍ മുങ്ങി. മൂന്നാനിയില്‍ റോഡിലൂടെ അതി ശക്തമായ നീരൊഴുക്കാണ് അനുഭവപെടുന്നത്. പാലാ പൊൻകുന്നം റോഡില്‍ കടയത്ത് വെള്ളം കയറി.
പൂഞ്ഞാർ, പാലാ നിയോജക മണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങള്‍ ഉരുള്‍പൊട്ടലും, വെള്ളപൊക്കവും മൂലം കെടുതിയിലാണ്. ഈരാറ്റുപേട്ട നഗരത്തില്‍ സ്ഥിതി രൂക്ഷം.
ജില്ലയിലെ വിവിധ താലൂക്കുകളിലായി ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവർത്തനം ആരംഭിച്ചു. കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി താലൂക്കുകളിലാണ് നിലവില്‍ ക്യാമ്പുകള്‍ പ്രവർത്തിക്കുന്നത്.
കാഞ്ഞിരപ്പള്ളി താലൂക്ക് കൂട്ടിക്കല്‍ വില്ലേജില്‍ കൊടുങ്ങ എസ്.ആർ.എം യു.പി സ്കൂളില്‍ പ്രവർത്തിക്കുന്ന ക്യാമ്പില്‍ 3 പേർ താമസിക്കുന്നുണ്ട്.
മുണ്ടക്കയം വില്ലേജ് സി.എം.എസ് എല്‍.പി സ്കൂളില്‍ 2 കുടുംബങ്ങളും കെ.എം.ജെ സ്കൂളില്‍ 4 കുടുംബങ്ങളും എത്തിച്ചു.
ചങ്ങനാശ്ശേരി താലൂക്ക് നെടുംകുന്നം വില്ലേജിലെ നെടുമണ്ണി ഫാത്തിമ ചർച്ച് പാരിഷ് ഹാളില്‍ പ്രവർത്തിക്കുന്ന ക്യാമ്പില്‍ 5 കുടുംബങ്ങളും ഉണ്ട്.
അധികൃതർ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയും ക്യാമ്പുകളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്.






