കോട്ടയം : ജോസ് കെ മാണി എംപിയുടെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. കോഴ സയൻസ് സിറ്റിയില്‍ കമ്പ്യൂട്ടർ വിഭാഗത്തില്‍ ജോലി വാങ്ങിനല്‍കാം എന്ന് വാഗ്ദാനം ചെയ്താണ് പ്രതി തട്ടിപ്പ് നടത്തിയത്. 9 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പ്രതി പിടിയിലായി.
കുറവിലങ്ങാട് കളത്തൂർ അമരത്തുപറമ്പില്‍ വീട്ടില്‍ ഏജെ ജോസഫ് (62) ആണ് തലയോലപ്പറമ്പ് പൊലീസിന്റെ പിടിയിലായത്. തലയോലപ്പറമ്പ് ബ്രഹ്മമംഗലം സ്വദേശിയായ യുവാവില്‍ നിന്നാണ് പ്രതി തുക കൈപ്പറ്റിയത്. ചതിവാണെന്ന് മനസിലാക്കിയ യുവാവ് തുടർന്ന് തലയോലപ്പറമ്പ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇയാള്‍ക്കെതിരെ കുറവിലങ്ങാട്, പാലാ സ്റ്റേഷനുകളില്‍ കേസ് നിലവിലുള്ളതായി തലയോലപ്പറമ്പ് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.






